യു.എൻ ജനറൽ അസംബ്ലിയിൽ ഫലസ്‌തീനെ വീണ്ടും പിന്തുണച്ച് ഇന്ത്യ. ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യ ദിനത്തിലാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജി ഫലസ്‌തീനെ പിന്തുണച്ച് രംഗത്തെത്തിയത്.
ഫലസ്തീൻ ജനതയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ്. ഈ ബന്ധം ചരിത്രപരമായി ഇരു രാജ്യങ്ങൾക്കിടയിലെ ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരൂന്നിയതാണ്. ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരും. ഫലസ്‌തിൻ്റെ രാജ്യപദവിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യ എപ്പോഴും പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. തീവ്രവാദത്തോട് ഇന്ത്യക്ക് മൃദു സമീപനമില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു. സിവിലിയൻമാരുടേയും സാധാരണക്കാരുടേയും മരണം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇരു രാജ്യങ്ങളും ഉത്തരവാദിത്തം കാണിക്കണം. പ്രദേശത്തെ സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. പ്രശ്‌നപരിഹാരത്തിനായി ദ്വിരാഷ്ട്ര സിദ്ധാന്തമാണ് എല്ലാകാലത്തും ഇന്ത്യ മുന്നോട്ട് വെക്കുന്നത്.
സ്വതന്ത്ര പരമാധികാര ഫലസ്‌തീൻ സ്ഥാപിക്കപ്പെടണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ രാജ്യത്തെ സുരക്ഷയോട് കൂടി ഫലസ്‌തീനിലെ ജനങ്ങൾ ജീവിക്കണം. ഇസ്രായേലുമായി അവർക്ക് സൗഹൃദ ബന്ധമുണ്ടാകണമെന്നും ഇന്ത്യ ആഹ്വാനം ചെയ്‌തു. അതേസമയം, തീവ്രവാദത്തിനെതിരെ മൃദുസമീപനമില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ ഹമാസ് തടവിലുള്ള മുഴുവൻ ബന്ദികളേയും എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും നിർദേശിച്ചു.
© Copyright 2025. All Rights Reserved