ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരൻമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് വൻ പ്രതിഷേധം. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം. നിങ്ങളുടെ കാൽക്കീഴിൽ വീഴുന്ന കാലം കഴിഞ്ഞുവെന്നും തങ്ങൾക്ക് മറുപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നെതന്യാഹു ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് വീടിന് മുന്നിൽ പ്രതിഷേധവുമായി എത്തിയവരുടെ ആവശ്യം. 105 ദിവസങ്ങൾ ഞങ്ങൾ കാത്തിരുന്നു. ഇനിയെങ്കിലും ബന്ദികളെ കുറിച്ചുള്ള വിവരങ്ങൾ നൽകണം. നിങ്ങളുടെ നേതൃത്വത്തിന്റെ കരുത്ത് തെളിയിക്കണം. ബന്ദികളെ മോചിപ്പിക്കാൻ എന്ത് പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.അതേസമയം, സംഘർഷം രൂക്ഷമായ ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 142 പേർകൂടി കൊല്ലപ്പെട്ടു. 278 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാർപ്പിട സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തിൽ 12 പേരും ഖാൻ യൂനിസിൽ 10 പേരും കൊല്ലപ്പെട്ടു.29 മൃതദേഹങ്ങൾ ദേർ എൽ ബലാഹിലെ അൽ അഖ്സ ആശുപത്രിയിൽ എത്തിച്ചു. ഇസ്രായേൽ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം ഗസ്സയിൽ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
© Copyright 2023. All Rights Reserved