ബഹിരാകാശ ഗവേഷണ മേഖലയിൽ നിർമിതബുദ്ധി അധിഷ്‌ഠിത ഗവേഷണങ്ങൾക്കായി ഐ എസ്ആർഒയുടെ കീഴിൽ പ്രത്യേക പരീക്ഷണശാലകൾ നിർമിക്കാനൊരുങ്ങുന്നു. ശാസ്ത്രജ്‌ഞർക്ക് ഈ മേഖലയിൽ ശിൽപശാലകളും സെമിനാറുകളും ക്ലാസുകളും നൽകിത്തുടങ്ങി.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ജിഎക്‌സ് പരീക്ഷണ ദൗത്യത്തിലെ യന്ത്രവനിത 'വ്യോമമിത്ര' എഐ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുക. മനുഷ്യനെപ്പോലെ ചിന്തിച്ച് തീരുമാനങ്ങളെടുക്കാനും പ്രാദേശിക ഭാഷകളുൾപ്പെടെ മനസ്സിലാക്കാനും വ്യോമമിത്രയ്ക്കു കഴിയും.
റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് എന്നിവയുടെ സഞ്ചാരപഥം നിർണയിക്കൽ, സ്വയംനിയന്ത്രണം, റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്‌ഥിരത പരിശോധന, റിസോഴ്സ് മാപ്പിങ്, കാലാവസ്‌ഥ-പ്രകൃതിദുരന്ത പ്രവചനം, ബഹിരാകാശ ഗവേഷണത്തിനാവശ്യമായ റോബട്ടിക് സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലാണ് ഗവേഷണം മുന്നേറുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) തുടങ്ങിയ സ്‌ഥാപനങ്ങൾ സഹകരിക്കുന്നുണ്ട്.
ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരശേഖരം അവലോകനം ചെയ്യാനും റിമോട്ട് സെൻസിങ്, കാലാവസ്‌ഥ പഠനം, ആശയവിനിമയം, ഗതിനിയന്ത്രണം തുടങ്ങിയവുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളെ ഉപയോഗിക്കാനും എഐ ഉപയോഗിക്കും. വിളകളുടെ ഉൽപാദന പ്രവചനം, കാലാവസ്‌ഥാ മുന്നറിയിപ്പും തൽസ്‌ഥിതി അറിയിപ്പും കൃത്യമാക്കൽ, ദുരന്തപ്രവചനം, ഭൂവിനിയോഗ മാപ്പിങ്, നഗരവൽകരണ ആസൂത്രണം, കയ്യേറ്റം കണ്ടുപിടിക്കൽ എന്നിവയ്ക്ക് എഐയെ ഉപയോഗിക്കാം. നിർമാണങ്ങൾ, കുടിയേറ്റം, നഗരജലാശയങ്ങൾ, വനമേഖല, റോഡുകൾ, ഡാമുകൾ, കപ്പലുകൾ തുടങ്ങിയവയുടെ നിരീക്ഷണം, ചന്ദ്രൻ, ചൊവ്വ, തുടങ്ങിയ ഗ്രഹാന്തര ദൗത്യങ്ങളിൽ സാഹചര്യം സ്വയം വിലയിരുത്തി ഭ്രമണപഥ വ്യതിയാനം ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കൽ എന്നിവയ്ക്കും എഐയെ ഉപയോഗിക്കാൻ കഴിയും.
© Copyright 2024. All Rights Reserved