ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയോടെയാണ് പുതുവർഷം പിറന്നിരിക്കുന്നത്. എന്നാൽ അതിനിടെ ''മോർട്ട്‌ഗേജ് നിരക്ക് യുദ്ധം'' ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളിൽ ഒരാളായ ഹാലിഫാക്‌സ് അടക്കമുള്ള ചില ബാങ്കുകൾ. മോർട്ട്ഗേജ് നിരക്കിൽ 0.92% കുറവാണ് ഹാലിഫാക്‌സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഏതാണ്ട് 25 വർഷത്തെ തിരിച്ചടവ് ശേഷിക്കുന്ന 300,000 പൗണ്ടിന് പ്രതിമാസം 162 പൗണ്ടു വരെ കുറവാണ് ഇതിലൂടെ ലഭിക്കുന്നത്. ഹാലിഫാക്‌സിനു പിന്നാലെ ലീഡ്സ് ബിൽഡിംഗ് സൊസൈറ്റിയും നിരക്കുകൾ കുറച്ചു. 0.49 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. മാത്രമല്ല, രണ്ട് വർഷത്തെ ഫിക്‌സ് റേറ്റ് 4.60 ശതമാനമായും വാഗ്ദാനം ചെയ്യുന്നു.
കെൻസിംഗ്ടൺ പോലെയുള്ള മറ്റ് വായ്പാ ദാതാക്കൾ വില കുറഞ്ഞ വായ്പകൾ പുനരാരംഭിക്കുവാൻ ലക്ഷ്യമിട്ട് നിരക്കുകൾ പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 'സീസ്മിക് നീക്കങ്ങൾ' പ്രതീക്ഷിക്കാവുന്ന അഭൂത പൂർവ്വമായ നിരക്ക് യുദ്ധമാണ് 2024ൽ കാത്തിരിക്കുന്നത് എന്നാണ് മോർട്ട്‌ഗേജ് ബ്രോക്കറായ റണാൾഡ് മിച്ചൽ പറയുന്നത്. നെറ്റ് മോർട്ട്‌ഗേജ് വായ്പ കഴിഞ്ഞ വർഷത്തേക്കാൾ കുറവായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിനാൽ, പുതിയ ബിസിനസ്സ് നേടുന്നതിനും നിലവിലുള്ള ഉപഭോക്താക്കളുടെ സുരക്ഷിതമായി നിലനിർത്താനും ബാങ്കുകൾ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിലുടനീളമുള്ള മൊത്ത മോർട്ട്‌ഗേജ് വായ്പയിൽ 28 ശതമാനമാണ് കഴിഞ്ഞ വർഷം കുറഞ്ഞത്. ബാങ്കിംഗ് ട്രേഡ് ബോഡിയായ യുകെ ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം അഞ്ചു ശതമാനം കുറയുമെന്നാണ് വിവരം. 2025ലും വായ്പാ പ്രവർത്തനങ്ങളിൽ 'മിതമായ വർദ്ധനവ്' മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് യുകെ ഫിനാൻസ് അനലിറ്റിക്സ് മേധാവി ജെയിംസ് ടാച്ച് പറഞ്ഞിരിക്കുന്നത്. നിലവിൽ, ജനറേഷൻ ഹോം എന്ന ചെറിയ ഫിൻടെക് ലെൻഡർ വെറും നാലു ശതമാനത്തിലാണ് അഞ്ച് വർഷത്തെ മികച്ച ഡീൽ വാഗ്ദാനം ചെയ്യുന്നത്. മണിഫാക്ട്സ് പറയുന്നതനുസരിച്ച്, മറ്റ് വായ്പക്കാരൊന്നും ഇതുവരെ മൂന്നിൽ ആരംഭിക്കുന്ന മോർട്ട്ഗേജ് ഡീൽ പോലും ആരംഭിച്ചിട്ടില്ല.
സാധാരണയായി ചെറുകിട വായ്പക്കാർ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നതായി ബ്രോക്കറേജ് ഡേവിഡ്‌സൺ ഡീമിന്റെ പീറ്റർ സ്റ്റോക്‌സ് പറഞ്ഞു. ക്രിസ്മസ് അടക്കമുള്ള ഒരുപാട് അവധി ദിവസങ്ങൾക്കു ശേഷം എല്ലാവരും തിരിച്ചെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ നിരക്കിളവുകൾ പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാത്രമല്ല, ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത മാസത്തെ മീറ്റിംഗിൽ ബാങ്ക് നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
© Copyright 2024. All Rights Reserved