ബാബെറ്റ് കൊടുങ്കാറ്റ് ഉണ്ടാക്കിയ ദുരിതം മാറും മുമ്പേ അടുത്ത കൊടുങ്കാറ്റ് യുകെയിലേക്ക്. വരുന്ന ആഴ്ചയില്‍ കാലാവസ്ഥ വീണ്ടും മോശമാക്കി സിയാറാന്‍ കൊടുങ്കാറ്റ് വീശുമെന്ന് മെറ്റ് ഓഫീസ് വെളിപ്പെടുത്തിയിരിക്കുകയാണ് . ഇതോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും ശക്തമായ കാറ്റിന് പുറമെ കനത്ത മഴയും പെയ്യും. കഴിഞ്ഞ ആഴ്ച അരങ്ങേറിയ ശക്തമായ മഴയും, ഇടിമിന്നലും അവസാനിക്കുന്നതിന് മുന്‍പാണ് അടുത്ത കൊടുങ്കാറ്റ് യുകെ തീരത്തേക്ക് എത്തുന്നത്.
തിങ്കളാഴ്ച മുതല്‍ മഴയും, ഇടിമിന്നലും വ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച വരെ യുകെയിലെ സതേണ്‍ മേഖലകളില്‍ ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. സതേണ്‍ ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സെന്‍ഡ്രല്‍, നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങള്‍ക്ക് യെല്ലോ അലെർട് പ്രഗ്യപിച്ചു.
90 മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സതേണ്‍, വെസ്റ്റേണ്‍ മേഖലകളില്‍ 40 മുതല്‍ 60 എംഎം വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുള്ളതിനാല്‍ ചെറിയ തോതില്‍ വെള്ളപ്പൊക്കിന് സാധ്യതയുണ്ട്. റോഡുകളില്‍ ഡ്രൈവ് ചെയ്യാനുള്ള ബുദ്ധിമുട്ടും നേരിടും.
കാലാവസ്ഥ മോശമാകുന്നതിനാല്‍ 72 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. തീരമേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നത് കണ്ടാല്‍ ഇതിലൂടെ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണം. സതേണ്‍, വെസ്റ്റേണ്‍ മേഖലകളില്‍ 20 മുതല്‍ 25 എംഎം വരെ വ്യാപകമായ മഴയാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്.
© Copyright 2023. All Rights Reserved