കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും സ്വർണ മെഡൽ നേടിയ ബ്രസീൽ ഫുട്ബാൾ ടീം ഇത്തവണ യോഗ്യത നേടാനാവാതെ പുറത്ത്. തെക്കൻ അമേരിക്കൻ യോഗ്യത മത്സരത്തിൽ അർജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബ്രസീലിന്റെ വഴിയടഞ്ഞത്. 2016ലെ റിയോ ഒളിമ്പിക്സിലും 2020ലെ ടോക്യോ ഒളിമ്പിക്സിലും സ്വർണം നേടിയ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണമെന്ന സ്വപ്നമാണ് പാരിസിലെത്താതെ വീണുടഞ്ഞത്. 2004ന് ശേഷം ആദ്യമായാണ് ബ്രസീൽ ഫുട്ബാൾ ടീം ഒളിമ്പിക്സിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. 2004, 2008 ഒളിമ്പിക്സുകളിൽ സ്വർണം നേടിയ അർജന്റീന ജയത്തോടെ യോഗ്യത ഉറപ്പിക്കുകയും ചെയ്തു.അണ്ടർ 23 ടീമുകൾ കളത്തിലിറങ്ങിയ മത്സരത്തിൽ 77ാം മിനിറ്റിൽ വാലന്റീൻ ബാർകോയുടെ ക്രോസിൽ ലുസിയാനോ ഗോണ്ടുവാണ് ഹെഡറിലൂടെ അർജന്റീനയുടെ വിജയഗോൾ നേടിയത്. മുൻ ദേശീയ താരം യാവിയർ മഷറാനോയുടെ ശിക്ഷണത്തിലാണ് അർജന്റീന ഇറങ്ങിയത്. അർജന്റീനക്ക് അഞ്ച് പോയന്റ് ലഭിച്ചപ്പോൾ ബ്രസീലിന് മൂന്ന് പോയന്റ് മാത്രമാണ് നേടാനായത്.
മറ്റൊരു മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് പരാഗ്വെയും ഒളിമ്പിക്സിന് യോഗ്യത ഉറപ്പിച്ചു. 48ാം മിനിറ്റിൽ മിഡ്ഫീൽഡർ ഡീഗോ ഗോമസ് നേടിയ പെനാൽറ്റി ഗോളും 75ാം മിനിറ്റിൽ മാർസലൊ പെരസ് നേടിയ ഗോളുമാണ് പരാഗ്വെക്ക് വിജയമൊരുക്കിയത്.
© Copyright 2024. All Rights Reserved