ബ്രിട്ടനിലെ ട്രെയിൻ യാത്രകളും സ്ത്രീകൾക്ക് ഭീഷണിയായി മാറുന്നുവെന്ന് ഞെട്ടിക്കുന്ന കണക്കുകൾ. നല്ലൊരു ശതമാനം സ്ത്രീകൾക്കും ട്രെയിൻ യാത്ര ദുരിതയാത്രയായി മാറുന്നുവെന്ന് കണക്കുകൾ. യാത്രക്കിടയിൽ കാൽശതമാനത്തിൽ അധികം സ്ത്രീ യാത്രക്കാർക്ക് ലൈംഗിക പീഡനവും, അതിക്രമവും നേരിടേണ്ടി വരുന്നതായാണ് കണക്കുകൾ പറയുന്നത്. ട്രെയിനുകൾ തിരക്ക് കൂടുന്ന വൈകുന്നേകം 5 മുതൽ 7 വരെ സമയത്താണ് ഭൂരിപക്ഷം അതിക്രമങ്ങളും അരങ്ങേറുന്നത്.
അതേസമയം, സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ സഹയാത്രികർ കണ്ണടച്ച് ഇരിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. ഇത്തരം പ്രശ്‌നങ്ങൾ സംഭവിക്കുമ്പോൾ മറ്റ് യാത്രക്കാർ സഹായത്തിനായി ഇടപെട്ടതായി 51 ശതമാനം ഇരകൾ വ്യക്തമാക്കി. എന്നാൽ 18 ശതമാനം ദൃക്‌സാക്ഷികൾ മാത്രമാണ് വിഷയം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തയ്യാറാകുന്നത്.
അശ്ലീല രീതിയിലുള്ള നോട്ടം, ചൂളമടി, സ്പർശനം, കൈയ്യേറ്റം, വസ്ത്രത്തിന് അടിയിലൂടെ വീഡിയോ ചിത്രീകരിക്കൽ, മോശമായ ശരീര പ്രദർശനം എന്നിങ്ങനെയുള്ള അതിക്രമങ്ങളാണ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. ഇത് മുൻപത്തേക്കാൾ ഏറെ വർദ്ധിച്ചതായി ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ യാത്ര ചെയ്യുമ്പോൾ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് പോൾ ഫർണെൽ മുന്നറിയിപ്പ് നൽകുന്നത്.
'ഫോണിലും, പത്രങ്ങളിലും മുഴുകി ഇരിക്കാതെ നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് നോക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. തെറ്റായ എന്തെങ്കിലും കണ്ടാൽ ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്', ഫർണെൽ ആവശ്യപ്പെട്ടു. ഈ ദുഷ്‌പെരുമാറ്റം ഇല്ലാതാക്കുന്നത് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസിനെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഫ്തിയിൽ സഞ്ചരിക്കുന്ന ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് ഓഫീസർമാർ പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരമാണ് പട്രോളിംഗ് നടത്തുകയും, പ്രതികളെ തിരിച്ചറിയുകയും ചെയ്യുന്നത്.
© Copyright 2025. All Rights Reserved