ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രാഥമിക കണക്കുകൾ കാണിക്കുന്നത് 1960 ന് ശേഷം ഇതാദ്യമായി ബ്രിട്ടന്റെ പൊതുകടം ആഭ്യന്തര മൊത്ത ഉത്പാദത്തിന് തുല്യമായി എന്നാണ്. ചാൻസലറിന്റെ ബജറ്റ് അവതരണത്തിന് മുൻപായി പുറത്തു വിട്ട പ്രാഥമിക കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മാസം പൊതുകടം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 99.3 ശതമാനമായിരുന്നത് വർദ്ധിച്ചിരിക്കുന്നു എന്നാണ് ഒ എൻ എസ് പുറത്തുവിട്ട പ്രാഥമിക കണക്കുകളിൽ പറയുന്നത്.
-------------------aud--------------------------------
കൂടുതൽ വിശദമായ വിവരങ്ങളിൽ പറയുന്നത്, ആഗസ്റ്റ് മാസത്തിൽ സർക്കാർ 13.7 ബില്യൻ പൗണ്ട് വായ്പ എടുത്തു എന്നാണ്. ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒ ബി ആർ) പ്രതീക്ഷിച്ചതിലും 2 ബില്യൻ പൗണ്ട് കൂടുതലാണിത്. അതായത്, നടപ്പു സാമ്പത്തിക വർഷത്തെ വായ്പ ഒ ബി ആർ പ്രവചിച്ചിരുന്നതിലും 6 ബില്യൻ പൗണ്ട് വർദ്ധിച്ച് 64.1 ബില്യൻ പൗണ്ട് ആയി എന്നർത്ഥം. ഓഗസ്റ്റ് മാസത്തെ വായ്പ 2023 ആഗസ്റ്റിലേതിനേക്കാൾ 3 ബില്യൻ പൗണ്ട് അധികമാണെന്ന് ഒ എൻ എസ് ചീഫ് എക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്നെർ പറയുന്നു. മാത്രമല്ല, രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടിയ മൂന്നാമത്തെ ആഗസ്റ്റ് മാസ വായ്പയാണിത്.
കേന്ദ്ര സർക്കാരിന്റെ നികുതികൾ കുതിച്ചുയർന്നു. എന്നാൽ, ചെലവ് അമിതമായതോടെ, നികുതി വർദ്ധനവ് പ്രതീക്ഷിച്ച ഫലം നൽകാതെയായി. പല ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനും, പൊതു സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ചെലവ് വർദ്ധിച്ചതുമാണ് ചെലവ് അമിതമായി വർദ്ധിക്കാൻ ഇടയാക്കിയത്. പെൻഷൻകാർക്കുള്ള വിന്റർ ഫ്യുവൽ പേയ്‌മെന്റ് നിർത്തലാക്കുന്നത് ഉൾപ്പടെയുള്ള ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടയിലാണ് ഈ ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. ഒക്ടോബർ 30 ന് ചാൻസലർ റേച്ചൽ റീവ്‌സ് തന്റെ കന്നി ബജറ്റിലൂടെ കൂടുതൽ ചെലവു ചുരുക്കൽ പരിപാടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്.
പ്രധാനമന്ത്രിക്കൊപ്പം, ചാൻസലറും മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ബജറ്റിൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടായേക്കും എന്നാണ്. കഴിഞ്ഞ കാല സർക്കാരിന്റെ കഴിവുകേട് കൊണ്ട് പൊതുകമ്മി 22 ബില്യൻ പൗണ്ടിലെത്തിയതാണ് അതിന് കാരണമെന്നും അവർ വിശദീകരിക്കുന്നു. ഇപ്പോൾ, പൊതുകടം, ആഭ്യന്തര മൊത്ത ഉത്പാദനത്തിന് തുല്യമായി എന്ന റിപ്പോർട്ട്, റേച്ചൽ റീവ്‌സിനും ധനകാര്യ വകുപ്പിനും ഏറെ വെല്ലുവിളികൾ ഉയർത്തും എന്നത് ഉറപ്പാണ്, പ്രത്യേകിച്ചും സാമ്പത്തിക വളർച്ച മന്ദഗതിയിൽ തുടരുന്ന സമയത്ത്.
© Copyright 2024. All Rights Reserved