സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബർമിംഗ്ഹാം സിറ്റി കൗൺസിൽ അടുത്ത രണ്ട് വർഷത്തേക്ക് കൗൺസിൽ ടാക്സിൽ 21 ശതമാനത്തിന്റെ വർദ്ധനവ് വരുത്തുന്നു. 300 മില്യൺ പൗണ്ടിന്റെ ബജറ്റ് സേവിംഗ്സ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. തെരുവു വിളക്കുകൾ മങ്ങിക്കത്തിക്കും. കൂടാതെ മാലിന്യ ശേഖരണം രണ്ടാഴ്ച്ചയിൽ ഒരിക്കലാക്കും. അതുപോലെ ശവസംസ്‌കാര ചടങ്ങുകൾക്കും നിരക്ക് വർദ്ധിക്കും. ഏതാണ്ട് 600 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും അധികൃതർ പറയുന്നു.
2024 - 25 സാമ്പത്തിക വർഷത്തെ ബജറ്റിലും അതുപോലെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിലും 150 മില്യൺ പൗണ്ട് വീതം ചെലവ് കുറക്കുന്നതിന്റെ വിശദാംശങ്ങൾ ഇന്നലെ കൗൺസിൽ പിറത്തുവിട്ടു. 2025- 2026 ൽ ആയിരിക്കും രണ്ടാഴ്ച്ചയിലൊരിക്കലുള്ള മാലിന്യ ശേഖരണം ആരംഭിക്കുക എന്നാൽ, ചെലവ് കുറയ്ക്കുന്നതിനുള്ള മറ്റ് നടപടികൾ എല്ലാം തന്നെ ഉടനെ ആരംഭിക്കും.
തെരുവു വിളക്കുകൾ മങ്ങിയ പ്രകാശത്തിൽ കത്തിക്കുക വഴി പ്രതിവർഷം ഒരു മില്യൺ പൗണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈവേ പരിപാലനത്തിൽ പണം ചെലവാക്കുന്നത് നിർത്തലാക്കിയാൽ 12 മില്യൺ പൗണ്ട് വരെ ലാഭിക്കാൻ കഴിയും. അഡൾട്ട് സോഷ്യൽ കെയർ മേഖലയിൽ 23.7 മില്യൺ പൗണ്ടിന്റെ കുറവ് അടുത്ത വർഷം വരുത്തും അതേസമയം ചിൽഡ്രൻസ് യംഗ് പീപ്പിൾ ആൻഡ് ഫാമിലി വകുപ്പിൽ 5.15 മില്യൺ പൗണ്ടിന്റെ ചെലവ് കുറയ്ക്കും.
അതുപോലെ, ചിൽഡ്രൻസ് ട്രാവൽ കോൺട്രാക്റ്റുകൾ കൂടുതൽ ചർച്ചകൾക്ക് ശേഷം പുതുക്കിയാൽ പ്രതിവർഷം 13 മില്യൺ പൗണ്ട് വരെ ലാഭിക്കാൻ കഴിയുമെന്നും കൗൺസിൽ കരുതുന്നു. അടുത്ത രണ്ട് വർഷത്തേക്ക് കൗൺസിൽ ടാക്സ് 10 ശതമാനം വീതം വർദ്ധിപ്പിക്കാനുള്ള അനുമതി, കഴിഞ്ഞ ജനുവരിയിൽ കൗൺസിൽ തേടിയിരുന്നു. ഐ ടി സിസ്റ്റത്തിൽ ഏതാണ്ട് 80 മില്യൺ പൗണ്ടിന്റെ അധിക ചെലവ് വരികയും 760 മില്യൺ പൗണ്ട് വരെയുള്ള കുടിശ്ശികകൾ വരികയും ചെയ്തതോടെയായിരുന്നു പാപ്പരാണെന്ന് പ്രഖ്യാപിക്കുന്ന സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിച്ചത്.
© Copyright 2023. All Rights Reserved