കടലിൽ ഇറക്കിയ ഭക്ഷണപ്പൊതികൾ ശേഖരിക്കാനിറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു. ഗസ്സയിലേക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങൾ കരമാർഗം എത്തിക്കുന്നത് ഇസ്രായേൽ മുടക്കിയതിനെ തുടർന്നാണ് ഭക്ഷ്യസഹായം ആകാശമാർഗം എത്തിച്ചത്. മെഡിറ്ററേനിയൻ കടലിൽ ഇറക്കിയ ഭക്ഷ്യകിറ്റുകൾ ശേഖരിക്കാനിറങ്ങിയ ആൾക്കൂട്ടമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഭക്ഷണപ്പൊതികൾ ശേഖരിക്കാൻ നൂറ് കണക്കിനാളുകളാണ് ആഴക്കടലിലേക്ക് ഇറങ്ങിയത്. ഈ മാസാദ്യം ഭക്ഷ്യകിറ്റുകൾ തലയിൽ വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.
-------------------aud--------------------------------
ആറ് മാസത്തോളമായി തുടരുന്ന ഇസ്രായേൽ കൂട്ടക്കുരതിയിൽ ഗസ്സ കനത്ത പട്ടിണിയെ ആണ് അഭിമുഖീകരിക്കുന്നത്. ഇതിനെ തുടർന്നാണ് എയർഡ്രോപ്പ് സംവിധാനത്തിലൂടെ ഭക്ഷണപ്പൊതികൾ എത്തിക്കാൻ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങൾ തയാറായത്. 18 പേരുടെ മരണം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ഗസയിലേക്ക് ആകാശമാർഗം ഭക്ഷണകിറ്റുകൾ എത്തിക്കുന്നത് നിർത്തിവെക്കണമെന്ന് ഹമാസ് വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയം പാസാക്കിയ സാഹചര്യത്തിൽ കരമാർഗം കൂടുതൽ ട്രക്കുകൾ പ്രവേശിക്കാൻ അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സ കനത്ത ക്ഷാമം അഭിമുഖീകരിക്കുകയാണെന്നും അതൊഴിവാക്കാൻ വിമാനമാർഗ്ഗമോ കടൽ വഴിയോ വഴി കൂടുതൽ സഹായം എത്തിക്കണമെന്ന് യുണിസെഫ് പറഞ്ഞു.
അടിയന്തര വെടിനിർത്തൽ പ്രമേയം പാസാക്കി 24 മണിക്കൂർ പിന്നിട്ടിട്ടും ഗസ്സയിൽ കുരുതി തുടരുകയാണ് ഇസ്രായേൽ. റഫയിലും ഖാൻയൂനുസിലും വടക്കൻ ഗസ്സയിലുമടക്കം ഇന്നലെയും ഇസ്രായേൽ വൻതോതിൽ ബോംബുവർഷം തുടർന്നു. ഇതുവരെ 32,414 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ പറയുന്നു.
© Copyright 2024. All Rights Reserved