ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ സുപ്രീംകോടതി സ്വീകരിച്ച നടപടി നിയമരംഗത്തും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചകൾക്കാണ് ഇടം നൽകിയിരിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കിയ സുപ്രീംകോടതി എ എ പി സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം കോടതിക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് സുപ്രീംകോടതി ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഉപജാപങ്ങളാൽ തിരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാനും പൂർണ്ണമായ നീതി പുലർത്തുന്നതിനും വേണ്ടി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്കും പീഡിതർക്കും 'സമ്പൂർണ നീതി' ഉറപ്പാക്കാൻ സുപ്രീംകോടതിക്ക് സവിശേഷ അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 142. ചില സാഹചര്യങ്ങളിൽ നിയമമോ ചട്ടമോ പരിഹാരം കണ്ടെത്താൻ സഹായകമായെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ, കേസിൻ്റെ വസ്തുതകൾക്ക് അനുയോജ്യമായ രീതിയിൽ ഒരു തർക്കം അവസാനിപ്പിക്കാൻ കോടതിക്ക് ആർട്ടിക്കിൾ 142 പ്രകാരം സ്വന്തം നിലക്ക് തീരുമാനം എടുക്കാൻ സാധിക്കും.
ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ അസാധാരണ സ്വഭാവമുള്ളതാണെങ്കിലും വിവിധി കേസുകളിൽ ഇതിനോടകം തന്നെ സുപ്രീംകോടതി ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. ഭോപ്പാൽ വാതക ദുരന്ത കേസിൽ ('യൂണിയൻ കാർബൈഡ് കോർപ്പറേഷൻ vs യൂണിയൻ ഓഫ് ഇന്ത്യ') 1991-ൽ സുപ്രീം കോടതി, ദുരന്തത്തിൽ ഇരകളായവർക്ക് 470 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ യുസിസിയോട് ഉത്തരവിട്ടത് ആർട്ടിക്കിൾ 142 പ്രകാരമായിരുന്നു.
ബാബരി മസ്ജിദ് കേസിൽ അയോദ്ധ്യ കേസിൽ, കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് തർക്ക ഭൂമി കൈമാറാനുള്ള നിർണായക സുപ്രീംകോടതി ഉത്തരവിന് പിൻബലമായത് ആർട്ടിക്കിൾ 142 ആയിരുന്നു. മസ്ജിദ് നിലനിന്നിരുന്ന ഭൂമി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി അന്തിമ മധ്യസ്ഥനെന്ന നിലയിൽ 2.77 ഏക്കർ ഭൂമിയും വിഭജിക്കാതെ ക്ഷേത്ര ടെസ്റ്റിന് കൈമാറുകയായിരുന്നു. ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ ബി ജെ പി നേതാക്കളായ മുരളി മനോഹർ ജോഷിയുടെയും എൽ കെ അദ്വാനിയുടെയും വിചാരണ റായ്ബറേലിയിൽ നിന്ന് ലക്‌നൗവിലേക്ക് മാറ്റാനും സുപ്രീം കോടതി ആർട്ടിക്കിൾ 142 പ്രയോഗിച്ചു. ദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറയ്ക്കാൻ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവില്പന നിരോധിക്കാനും, 2013 ൽ ഐ പി എൽ ഒത്തുകളി വിവാദം അന്വേഷിക്കാൻ ഉത്തരവിട്ടതും ആർട്ടിക്കിൾ 142 പ്രകാരമായിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വാക്ക് പാലിക്കാതിരിക്കുകയും ചെയ്ത പുരുഷൻ, സ്ത്രീക്ക് നഷ്ടപരിഹാരം നൽകാനും ആർട്ടിക്കിൾ 142 ന്റെ അധികാരം കോടതി പ്രയോഗിച്ചു. സുപ്രീം കോടതിക്കു സവിശേഷാധികാരം ഉപയോഗിച്ചു വിവാഹമോചനം നൽകാമെന്നു ഭരണഘടനാ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. അതേസമയം തന്നെ ഈ വകുപ്പിന്റെ ഉപയോഗം ഏകപക്ഷീയവും അവ്യക്തവുമാണെന്ന വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കോടതിക്ക് വിശാലമായ വിവേചനാധികാരമുണ്ടെന്നും ഇത് "സമ്പൂർണ നീതി" എന്ന പദത്തിന് ഒരു സാധാരണ നിർവചനം ഇല്ലാത്തതിനാൽ അതിൻ്റെ ഏകപക്ഷീയമായ പ്രയോഗത്തിൻ്റെയോ ദുരുപയോഗത്തിൻ്റെയോ സാധ്യതയെ തുറന്നിടുന്നുവെന്നും വാദമുണ്ട്.
.
© Copyright 2023. All Rights Reserved