കാറ്റിലും മഴയിലും കുതിർന്ന ക്രിസ്മസ് പുതുവൽസര സീസണിന് പിന്നാലെ മഞ്ഞിൽ പുതച്ച് ബ്രിട്ടൻ. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഞ്ഞുവീഴ്ച രാജ്യത്തെയാകെ തണുപ്പിലാക്കി. സൗത്ത് ഈസ്റ്റ് ലണ്ടൻ, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായി തുടരുന്നത്. ഗതാഗത തടസം ഉൾപ്പെടെ ജനജീവിതം താറുമാറാക്കി തുടരുന്ന മഴയും കാറ്റും മഞ്ഞും ഈയാഴ്ച മുഴുവൻ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. -------------------aud-------------------------------- സതേൺ ഇംഗ്ലണ്ടും സൗത്ത് വെയിൽസും യെല്ലോ അലേർട്ടിലാണ്. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പലഭാഗങ്ങളിലും താപനില മൈനസ് നാലുവരെയെത്തിപ്പോൾ സ്കോട്ട്ലൻഡിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് എഴു ഡിഗ്രിയാണ്.ലണ്ടൻ നഗരത്തിലെ 32 ബറോകളിലും അടിയന്തരമായ പദ്ധതികളിലൂടെ ഗതാഗത തടസവും മറ്റും ഒഴിവാക്കാൻ മേയർ സാദിഖ് ഖാൻ നിർദേശം നൽകിയിട്ടുണ്ട്. പൂജ്യത്തിന് താഴേക്ക് താപനില കുറയുന്നതോടെ മരണങ്ങൾ വർദ്ധിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹെൽത്ത്, ആംബുലൻസ് സേവനങ്ങൾ സമ്മർദത്തിന് വഴിമാറുകയും ചെയ്യും. നോർത്തേൺ ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.സ്കാൻഡിനേവിയയിൽ നിന്നും സൗത്ത് വെസ്റ്റ് ഭാഗത്തേക്ക് നീങ്ങുന്ന ഫ്രീസിംഗ് കാറ്റാണ് തണുപ്പ് സമ്മാനിക്കുന്നത്. ഗ്രേറ്റ് ലണ്ടൻ, കെന്റ്, സറേ, ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ് എന്നിവിടങ്ങളിലെ ഐസ്, മഞ്ഞ് മുന്നറിയിപ്പുകൾ റോഡ്, ട്രെയിൻ സർവ്വീസുകളെ ബാധിക്കുന്നതാണ്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാൻഡ്സ്, ഈസ്റ്റ് മിഡ്ലാൻഡ്സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങൾക്കായി നൽകിയിട്ടുള്ള ആംബർ തണുപ്പ് ആരോഗ്യ അലേർട്ട് വെള്ളിയാഴ്ച ഉച്ച വരെ നീളും.
© Copyright 2024. All Rights Reserved