ഡോക്ടർമാർ മരണം ഉറപ്പിച്ച നവജാത ശിശുവിന് സംസ്കാര ചടങ്ങിന് നിമിഷങ്ങൾക്ക് മുമ്പ് ജീവൻ ഉള്ളതായി കണ്ടെത്തി. അസമിലെ സിൽചാറിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ആറാം മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ സമയത്ത് അമ്മയുടേയോ കുഞ്ഞിന്റേയോ ജീവൻ മാത്രമേ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞതായി നവജാതശിശുവിന്റെ പിതാവ് രത്തൻ ദാസ് പറയുന്നു. എങ്കിലും ഭാര്യ പ്രസവിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ പറയുകയും ചെയ്തുവെന്നും രത്തൻ ദാസ് പറഞ്ഞു.
തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ശ്മശാനത്തിലെത്തി കവറിൽ പൊതിഞ്ഞ മൃതദേഹം തുറന്നപ്പോൾ കുട്ടി കരയുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ തിരികെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് ചികിത്സയിലാണ്.
സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രദേശവാസികൾ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുടുംബാംഗങ്ങൾ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞ് എട്ട് മണിക്കൂർ നിരീക്ഷണത്തിലായിരുന്നുവെന്നും അതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
© Copyright 2023. All Rights Reserved