വീണ്ടും അധികാരത്തിലെത്തിയാൽ ഭരണത്തിൽ ടെസ്ല സിഇഒ ഇലോൺ മസ്കിന് നിർണായക സ്ഥാനം നൽകുമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. യോർക്കിലെ പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം. മസ്‌കിൻ്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും നൂതന ചിന്താഗതിയെക്കുറിച്ചും ട്രംപ് പരാമർശിച്ചു. മസ്കിന് തന്റെ ഉപദേശക സംഘത്തിലോ മന്ത്രിസഭയിലോ ചേരാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു. മസ്കിന് സമ്മതമാണെങ്കിൽ തന്റെ കാബിനറ്റിൽ ഉൾപ്പെടുത്തുമെന്നും ട്രംപ് റോയിട്ടേഴ്സിനോട് പറഞ്ഞു.
-------------------aud--------------------------------
മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഇരുവരും സംഭാഷണം നടത്തിയിരുന്നു. ട്രംപിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യവസായിയാണ് മസ്ക്. അതേസമയം, ഇവി നയങ്ങളിലും നിർമ്മാണത്തിലും ട്രംപിൻ്റെ നിലപാട് മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലക്ക് തിരിച്ചടിയായേക്കാം. കർശനമായ എമിഷൻ മാനദണ്ഡങ്ങളും ഇവി ഉൽപ്പാദനം വർധിപ്പിക്കണമെന്ന് നിർബന്ധമാക്കുന്ന ബൈഡൻ സർക്കാറിന്റെ നയങ്ങൾ ട്രംപ് ഉപേക്ഷിച്ചേക്കും. ഇത് ടെസ്‌ലയുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കും. ചെലവും ബാറ്ററി റേഞ്ച് പ്രശ്‌നങ്ങളും കാരണം ഇവികളുടെ വിപണി പരിമിതമാണെന്നാണ് ട്രംപിന്റെ വാദം.
അതേസമയം, ഡോണൾഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഹാക്കിങ്ങിന് പിന്നിൽ ഇറാനാണെന്ന് യുഎസ് സുരക്ഷാ ഏജൻസികൾ പറഞ്ഞു. നവംബറിൽ നടക്കുന്ന പ്രസിഡന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ഇറാൻ ശ്രമിക്കുന്നതായും ഏജൻസി ആരോപിച്ചു. നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് (ഒഡിഎൻഐ), ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സിഐഎസ്എ) എന്നിവയടക്കം ട്രംപിന്റെ ക്യാമ്പയിൻ വിവരങ്ങൾ ചോർത്തിയതിനു പിന്നിൽ ഇറാനാണെന്ന് തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു.
© Copyright 2023. All Rights Reserved