അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരെ വലിയ വിമർശനം ഉന്നയിക്കുന്ന എക്സ് ഉടമയും ടെസ്‌ല സി ഇ ഒയുമായ ശതകോടീശ്വരൻ ഇലോൺ മസ്കും പണ്ട് നിയമവിരുദ്ധമായ കുടിയേറ്റം നടത്തിയെന്ന് പ്രസിഡൻറ് ജോ ബൈഡൻ. വാഷിംഗ്ടൺ പോസ്റ്റടക്കമുള്ള അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പുറത്തുവിട്ട വാർത്ത സ്ഥിരീകരിച്ചുകൊണ്ടാണ് ബൈഡൻ പരാമർശം നടത്തിയത്. എന്നാൽ പ്രസിഡൻറിൻറെ പരാമർശത്തിന് പിന്നാലെ ബൈഡൻറെ പേരെടുത്ത് പറഞ്ഞുകൊണ്ട് മറുപടിയുമായി മസ്കും രംഗത്തെത്തിയിരിക്കുകയാണ്.
-------------------aud-------------------------------
പ്രോംപ്ടർ നോക്കി വായിക്കുന്ന ഒരു പാവയാണ് അമേരിക്കൻ പ്രസിഡൻറായ ബൈഡനെന്നാണ് മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്. 'ബൈഡനെന്ന പാവയുടെ മാസ്റ്റേഴ്‌സിന് തെറ്റ് പറ്റിയിരിക്കുയാണെന്നും ടെലിപ്രോംപ്റ്ററിൽ ആരോ പറയുന്ന വാക്കുകൾ പങ്കുവയ്ക്കുന്ന പാവ മാത്രമാണ് ബൈഡനെന്നുമാണ്' മസ്ക് എക്സിൽ കുറിച്ചത്.
അതേസമയം അമേരിക്കയിലെ കുടിയേറ്റത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന മസ്ക്, ചെറുപ്പകാലത്ത് അമേരിക്കയിൽ കുടിയേറ്റ നിയമത്തിന് വിരുദ്ധമായി അനധികൃതമായി കമ്പനി സ്ഥാപിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നത്. 1995 ൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കാൻ എത്തിയ മസ്ക് അക്കാലത്ത് നിയമവിരുദ്ധമായി 'സിപ് 2' എന്ന സോഫ്ട്‍വെയർ കമ്പനി ആരംഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മസ്‌ക്, 1995 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനം പാതിയിൽ ഉപേക്ഷിച്ചായിരുന്നു സിപ് 2 കമ്പനി തുടങ്ങിയതെന്നും റിപ്പോർട്ടുകൾ പറയുന്നത്.
യു എസിലെ ഒരു വിദേശ വിദ്യാർത്ഥിയായതിനാൽ, നിയമങ്ങൾക്കനുസൃതമായി ഒരു കമ്പനി നടത്തുന്നതിനായി മസ്‌കിന് പഠനം ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഈ നിയമം മറി കടന്നായിരുന്നു മസ്‌ക് തന്റെ കരിയറിലേക്ക് ചുവടുവെച്ചതെന്നാണ് വിമർശനം. അമേരിക്കയിലെ കുടിയേറ്റത്തിനെതിരെ വലിയ വിമർശനം നടത്തുന്ന മസ്ക് തന്നെ കുടിയേറ്റ നിയമം ലംഘിച്ചുവെന്ന വാർത്തകൾക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.
© Copyright 2025. All Rights Reserved