എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്‌ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്.
അതേസമയം, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വിദ്യാർഥിനി അടക്കമുള്ളവർക്കെതിരെ വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ പ്രതികളായവരും ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കുത്തേറ്റ നാസർ അബ്ദുൾ റഹ്മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘർഷമുണ്ടായതും നാസറിന് കുത്തേൽക്കുകയും ചെയ്തത്. വടി വാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ നാസറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുളളത്.
14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകനായ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവർ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.
© Copyright 2024. All Rights Reserved