ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം എൻ. എച്ച്.എസ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ നഴ്സിനു നേരെ യുവാവിന്റെ ആക്രമണം. കൈയിൽ കരുതിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.
-------------------aud--------------------------------
മധ്യവയസ്കയായ നഴ്സിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇവർ ഇവിടെത്തന്നെ ചികിത്സയിലാണ്. 37 വയസ്സുള്ള പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ആക്രമണത്തിനു പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഓൾഡ്ഹാം ആശുപത്രിയിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനു നേരേ ആക്രമണം ഉണ്ടായത്.
ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. നഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നഴ്സുമാരാണ് എൻ.എച്ച്.എസിന്റെ നട്ടെല്ല്. അവരുടെ സംരംക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യും. ട്രസ്റ്റ് അധികൃതരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആക്രമണത്തിന് ഇരയായ നഴ്സിനും കുടുബത്തിനുമൊപ്പമാണ് തന്റെ ചിന്തകളെന്നും ഹെൽത്ത് സെക്രട്ടറി പറഞ്ഞു. നഴ്സിനു നേരെയുണ്ടായ അപ്രതീക്ഷിത ആക്രണത്തിൽ ആശുപത്രി ജീവനക്കാർ ഒന്നടങ്കം ആശങ്കയിലാണ്. കനത്ത പൊലീസ് സുരക്ഷയോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ മുന്നോട്ടു പോകുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെ ആത്മവിശ്വാസം തിരികെ പിടിക്കാൻ ലോക്കൽ എംപിയുടെ നേതൃത്വത്തിൽ അധികൃതർ നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിലെ മണിക്കൂറുകൾ നീളുന്ന കാത്തിരുപ്പ്, രോഗികളെ അസ്വസ്ഥരാക്കുയും ക്ഷുപിതരാക്കുയും ചെയ്യുന്നത് എൻ.എച്ച്.എസ് ആശുപത്രികളിലെ നിത്യസംഭവം ആയിരിക്കുകയാണ്. അടിയന്തര ചികിത്സയ്ക്കായി എത്തുന്നവർ ട്രയാജ് നഴ്സിനെ കണ്ടശേഷം ചുരുങ്ങിയത് ആറും ഏഴും മണിക്കൂർ കാത്തിരുന്നാലേ ഒരു ഡോക്ടറെയോ നഴ്സ് പ്രാക്ടീഷനറെയോ കണാനാകൂ. ഇത്തരത്തിൽ കാത്തിരുന്നു മുഷിയുന്നവർ നിരാശരായും രോഗലക്ഷണങ്ങൾ താങ്ങാനാകാതെയും അക്രമാസക്തരാകുന്നത് ആശുപത്രികളിൽ പതിവു സംഭവമാണ്. പലരും ചികിത്സ തേടാതെ മടങ്ങുന്നതും പതിവാണ്.
തണുപ്പുകാലം കടുത്തതോടെ ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം പതിവിലേറെ വർധിച്ചു. പനിയും മറ്റു രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് പാരാസെറ്റാമോൾ പോലും ലഭിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടാണ് എൻ.എച്ച്.എസ് ആശുപത്രികളിലുള്ളത്. ലോകോത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന എൻ.എച്ച്.എസ്. ആശുപത്രികളിലെ അടിയന്തര ചികിത്സ സംവിധനങ്ങളിൽനിന്നും ചികിത്സ ലഭിക്കാൻ പ്രയാസമാണ്.
© Copyright 2024. All Rights Reserved