പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുൻ ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ്. മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇപ്പോൾ ഇത്രയും അത്‌ലെറ്റുകളുണ്ടായതെന്ന് അവർ പറഞ്ഞു. ഇപ്പോഴത്തെ താരങ്ങളെ കാണുമ്പോൾ അസൂയയാണ്. താനൊരു തെറ്റായ കാലത്താണു കളിച്ചതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അഞ്ജു മോദിയുടെ നേതൃത്വത്തെ പ്രശംസ കൊണ്ട് മൂടിയത്. ''20 വർഷം മുൻപ് ഞാൻ ഇന്ത്യയ്ക്ക് ആദ്യ അന്താരാഷ്ട്ര മെഡൽ സമ്മാനിക്കുമ്പോൾ എന്റെ വകുപ്പ് പോലും എനിക്ക് സ്ഥാനക്കയറ്റം തരാൻ ഒരുക്കമായിരുന്നില്ല. എന്നാൽ, നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ അതിലൊക്കെ മാറ്റങ്ങൾ കാണുന്നു; നിങ്ങൾ ആഘോഷിച്ചതും ഇന്ത്യ ആഘോഷിച്ചതുമെല്ലാം.''-മോദിയെ അഭിസംബോധനം ചെയ്ത് മുൻ മലയാളി താരം പറഞ്ഞു.
''ഇപ്പോഴത്തെ കായികതാരങ്ങളെ ആലോചിച്ച് അസൂയയാണ്. ഞാൻ കളിച്ചതൊരു തെറ്റായ കാലത്തായിരുന്നു. 25 വർഷത്തോളം ഞാൻ കായികരംഗത്തുണ്ടായിരുന്നു. അന്നും ഇന്നും നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ കാണാനാകുന്നുണ്ട്. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെയെല്ലാം എല്ലായിടത്തും സ്‌പോർട്‌സ് ഒരു ചർച്ചാവിഷയമാണിപ്പോൾ. ഫിറ്റ്‌നസിനെ സ്വീകരിക്കാനും കായികരംഗത്ത് ഇടപെടാനുമെല്ലാം ഇന്ത്യ സജ്ജമായിട്ടുണ്ട്. നമ്മുടെ വിജയം എല്ലാവരും ആഘോഷിക്കുന്നു.''
എന്റെ കാലത്തൊക്കെ ഒന്നോ രണ്ടോ അത്‌ലെറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരുപിടി അത്‌ലെറ്റുകളെ കാണാം. ഇതിനെല്ലാം കാരണം താങ്കളുടെ നേതൃത്വമാണ്. സ്ത്രീശാക്തീകരണം ഇപ്പോൾ വെറും വാക്കോ വർത്തമാനമോ അല്ല. മുഴുവൻ ഇന്ത്യൻ പെൺകുട്ടികളും സ്വപ്‌നം കാണുകയാണിപ്പോൾ. അതൊരിക്കൽ യാഥാർത്ഥ്യമാകുമെന്ന് അവർക്ക് അറിയാം.''
2036ലെ ഒളിംപിക്‌സിന് ആതിഥ്യംവഹിക്കാൻ രാജ്യം ഒരുക്കമാണെന്നു താങ്കൾ പ്രഖ്യാപിച്ചത് ഒരു സ്വപ്‌നസാഫല്യം പോലെയാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നമ്മൾ ആരംഭിച്ചുകഴിഞ്ഞു. അതിനുവേണ്ടിയുള്ള യോഗങ്ങൾ നടക്കുന്നു. ഇന്ത്യ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ആ അഭിമാനമുഹൂർത്തത്തിനായി കാത്തിരിക്കുകയാണെന്നും അഞ്ജു ബോബി ജോർജ് കൂട്ടിച്ചേർത്തു.
2003ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ അഞ്ജു ഇന്ത്യയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ചിരുന്നു. 2004ൽ ഏഥൻസിൽ നടന്ന ഒളിംപിക്‌സിൽ 6.83 എന്ന മികച്ച പ്രകടനത്തോടെ അഞ്ചാം സ്ഥാനത്തെത്തി. പാരിസിൽ നടന്ന 2003ലെ വേൾഡ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. 2002ൽ അർജുന പുരസ്‌കാരവും 2003ൽ ഖേൽരത്‌നയും ലഭിച്ചിരുന്നു. 2004ൽ പത്മശ്രീ നൽകി അന്നത്തെ മൻമോഹൻ സിങ് സർക്കാർ താരത്തെ ആദരിക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved