ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ, മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക്ലെ എഡിറ്റർ പ്രബീർ പുർകായസ്ഥയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. . എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയേയും ഏഴുദിവത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയെ ഡൽഹി കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത് . മാധ്യമപ്രവർത്തകരെ മൂന്നായി തിരിച്ചു റെയ്ഡ് നടത്തി ഇതിൽ ആദ്യ പട്ടികയിൽ ഉൾപ്പെട്ട വരെയാണ് കസ്റ്റഡിയിൽ എടുത്തത് . മാധ്യമപ്രവർത്തനത്തിന് പുറമേ എൻജിനീയർ, ശാസ്ത്രപ്രവർത്തകർ എന്നീ നിലകളിൽ പ്രശസ്തനാണ് പ്രബീർ പുർകായസ്ഥ.
കേസിൽ 46 പേരെ ഇതിനോടകം ചോദ്യം ചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ ഇന്ന് വീണ്ടും വിളിപ്പിച്ചു. പുർകായസ്തയുടെ ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുനപരിശോധിക്കാനാണ് നടപടി. നടപടിക്കെതിരെ വാർത്താപോർട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും.
ചൈനയിൽനിന്ന് പണം പറ്റുന്ന യുഎസ് വ്യവസായിയിൽ നിന്നും തീവ്രവാദ സംഘടനകളിൽ നിന്നും നിക്ഷേപം ശേഖരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്തയെ അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്.
കേസിൽ ചോദ്യംചെയ്യാനായി പ്രബീർ പുർകയാസ്ഥയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീൽ ചെയ്ത പോലീസ് സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരുടെ വസതികളിൽ ഇന്നലെ റെയ്ഡും നടത്തി. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിലും ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ഇവിടെ റെയ്ഡ് നടത്തിയത്. വിദേശ ഫണ്ടംഗുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
അതേസമയം പ്രകാശ് കാരാട്ടിന്റെ ഇ മെയ്‌ലും പരിശോധനയിലെന്ന് ഇ ഡി വൃത്തങ്ങൾ വിശദമാക്കിയത്. ന്യൂസ് ക്ലിക്കിന് പണം നൽകിയ അമേരിക്കൻ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്നാണ് ഇ ഡി വിശദമാക്കുന്നത്.
മൊബൈൽ ഫോണുകളും, ലാപ്‌ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്റെ എക്‌സ് ഹാൻഡിൽ സസ്‌പെൻഡ് ചെയ്തിരുന്നു. സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഹൈകോടതി മുൻ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖർ കത്തെഴുതിയിരുന്നു.
അതേസമയം ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രീം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിലെ ആവശ്യം. വിഷയത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു. 'ഒരു മുന്നറിയിപ്പും കൂടാതെ പുലർച്ചെ വീടുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പിടിച്ചെടുത്തു. കടുത്ത മനുഷ്യാവകാശ ലംഘനവും, തൊഴിൽ അവകാശങ്ങളുടെ ലംഘനവും നടന്നു. അന്വേഷണ ഏജൻസികളെ പ്രതികാര നടപടിക്ക് ഉപയോഗിക്കുകയാണ്. കുറ്റം എന്തെന്ന് കൃത്യമായി ബോധിപ്പിക്കാതെയുള്ള ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം. ഔദ്യോഗിക, സ്വകാര്യ വിവരങ്ങൾ ഉള്ള മൊബൈൽ ഫോണും, ലാപ്പ് ടോപ്പും പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണം'. ഇതിനായി നിയമം കൊണ്ടുവരണം. തെറ്റായ ദിശയിൽ അന്വേഷണം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ന്യൂസ് ക്ലിക്കിനെതരായ ദില്ലി പൊലീസിന്റെ നടപടിയിൽ മാധ്യമ സംഘടനകൾ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്ന കാരണം ഉന്നയിച്ചാണ് വൈകിട്ട് നടത്താനിരുന്ന മാർച്ചിന് അനുമതി നിഷേധിച്ചത്.
© Copyright 2023. All Rights Reserved