യുകെയിൽ ടോറികളുടെ ഭരണത്തിൻ കീഴിൽ അതിർത്തികളുടെ നിയന്ത്രണം കൈവിട്ട് പോയെന്ന് സൂചിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. യുകെയിലേക്ക് അഭയാർത്ഥികളായെത്തിയ 17,000ത്തിലധികം പേർ നിലവിൽ എവിടെയാണെന്നറിയാത്ത ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന ഹോം ഓഫീസിന്റെ സ്ഥിരീകരണം പുതിയ ചർച്ചകൾക്കും ആരോപണങ്ങൾക്കുമാണ് കാരണമായിരിക്കുന്നത്. ഈ അഭയാർത്ഥികളുടെ അസൈലം അപേക്ഷകൾ പിൻവലിച്ചവയാണെന്ന ഹോം ഡിപ്പാർട്ട്‌മെന്റിന്റെ വെളിപ്പെടുത്തലും ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
റുവാണ്ട പദ്ധതി അവസാനിപ്പിക്കേണ്ടി വന്നതും അഭയം തേടി യുകെയിലേക്ക് വരുന്നവരെ താമസിപ്പിക്കാൻ ഹോട്ടൽ ചെലവ് പെരുകുന്നതുമെല്ലാം കടുത്ത ചർച്ചകൾക്ക് കാരണമായ സമയത്താണ് ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതവുമായി ഹോം ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്.
സുനാക് ഗവൺമെന്റിന് രാജ്യത്തിന്റെ ബോർഡറുകളുടെ നിയന്ത്രണം നഷ്ടമായെന്ന ആരോപണവുമായി ലേബർ നേതാവ് കീർ സ്റ്റാർമർ രംഗത്തെത്തി. ഈ വർഷം സെപ്റ്റംബറിൽ അവസാനിച്ച ഒരു വർഷത്തിൽ എന്ത് കാരണത്താലാണ് 17,316 അഭയാർത്ഥികൾ അവരുടെ അസൈലം അപ്ലിക്കേഷനുകൾ പിൻവലിച്ചതെന്ന നിർണായക ചോദ്യമുന്നയിച്ച് ഹോം അഫയർ സെലക്ട് കമ്മിറ്റി യോഗത്തിൽ ടോറി എംപിയായ റ്റിം ലോഫ്ടൺ രംഗത്തെത്തിയിട്ടുമുണ്ട്.
ഇത്തരത്തിൽ അപ്ലിക്കേഷനുകൾ പിൻവലിച്ചവർ നിലവിൽ എവിടെയാണുളളതെന്ന് ഗവൺമെന്റിന് എന്തെങ്കിലും അറിവുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഇതൊരു പുതിയ സംഭവമല്ലെന്നും ഈ വിധത്തിൽ അസൈലം സീക്കർമാർ ഒളിവിൽ പോയ പണ്ടത്തെ അനേകം കേസുകളിൽ അന്വേഷണം നടന്ന് വരുന്നുവെന്നുമാണ് ഹോം ഓഫീസിലെ ഇന്ററിം സെക്കൻഡ് പെർമനന്റ് സെക്രട്ടറി സൈമൺ റിഡ്‌ലി ഇതിന് മറുപടിയേകിയിരിക്കുന്നത്.പ്രസ്തുത 17,316 അസൈലം സീക്കർമാർ നിലവിൽ എവിടെയാണുള്ളതെന്ന കാര്യത്തിൽ അവ്യക്തതകളുണ്ടെന്നും റിഡ്‌ലി സമ്മതിച്ചിട്ടുണ്ട്.
റുവാണ്ട പ്ലാൻ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് ഇതിനായി പകരം കരാറുണ്ടാക്കുന്നതിനായി ഹോം ഓഫീസ് ഒഫീഷ്യലുകൾ ഇപ്പോൾ റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിലെത്തി ചർച്ചകൾ നടത്തി വരുന്നുവെന്നും മറ്റൊരു ചോദ്യത്തിനുള്ള ഉത്തരമായി ഹോം ഓഫീസ് പെർമനന്റ് സെക്രട്ടറി മാത്യു റൈക്രോഫ്റ്റ് എംപിമാരോട് വ്യക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ റുവാണ്ടൻ പ്ലാനിനായി ഖജനാവിൽ നിന്ന് 140 മില്യൺ പൗണ്ട് നീക്കി വച്ചത് എടുത്ത് കാട്ടിയ എംപിമാർ ഈ പ്ലാനിനായി ഇനിയും എത്ര തുക സർക്കാർ വകയിരുത്തേണ്ടി വരുമെന്ന നിർണായക ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായി നിലവിലെ സാഹചര്യത്തിൽ പ്രവചിക്കാനാവില്ലെന്നായിരുന്നു ഹോം ഡിപ്പാർട്ട്‌മെന്റ് മറുപടിയേകിയത്. ഈ വരുന്ന സമ്മറിൽ ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ ഈ വിഷയത്തിൽ വ്യക്തതയുണ്ടാവുകയുള്ളുവെന്നും പെർമനന്റ് സെക്രട്ടറി ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.
© Copyright 2023. All Rights Reserved