യുകെയിലെ തെരുവുകളിൽ ഇനി കണ്ണുതുറന്ന് കാവൽ നിൽക്കുന്നത് അൾട്ര സ്പീഡ് ക്യാമറകൾ ആയിരിക്കും. ഇരുവശങ്ങളിലൂടെയും അമിതവേഗതയിൽ പോകുന്ന വാഹനങ്ങളെ കണ്ടുപിടിക്കാൻ ഇവയ്ക്കാവും. ഏറ്റവും സുപ്രധാനമായ കാര്യം, ഫ്‌ളാഷ് അടിക്കാതെ തന്നെ ചിത്രങ്ങൾ എടുക്കാൻ ഇതിനാകുമെന്നതാണ്. അമിതവേഗത്തിനു പുറമെ സീറ്റ് ബെൽറ്റ് ധരിക്കതെയുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും കണ്ടെത്താൻ ഇതിനാകും.
ബ്രിട്ടനിൽ ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച ഈ ക്യാമറകൾ, സാധാരണ റോഡ്‌സൈഡ് ക്യാമറകളിൽ നിന്നും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. അതായത്, പല ഡ്രൈവർമാർക്കും അത് എന്താണെന്ന് തന്നെ മനസ്സിലാക്കാൻ കഴിയില്ല. മാഞ്ചസ്റ്ററിൽ ഇതിനോടകം തന്നെ ഇത്തരത്തിലുള്ള 100 ൽ അധികം ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ജർമ്മൻ നിർമ്മാതാക്കളായ ജെനൊറ്റിക് ട്രാഫിക് സൊലൂഷ്യൻസ് ആണ് സ്‌പോട്ട് ക്യാമറ സാങ്കേതികവിദ്യയുള്ള വെക്ടർ - എസ് ആർ എന്ന ഈ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത്.
സാധാരണയായി മോട്ടോർവേകളുടെ വശങ്ങളിലൊ അല്ലെങ്കിൽ ഓവർഹെഡ് ഗാൻട്രികളിലോ ഘടിപ്പിക്കുന്ന സ്‌പെക്‌സ് ആവറേജ് സ്പീഡ് ക്യാമറകൾ നിർമ്മിക്കുന്നതിലൂടെ ഇതിനോടകം പ്രശസ്തമായതാണ് ഈ സ്ഥാപനം. വാഹനമോടിക്കുന്നവർ നാഷണൽ സ്പീഡ് ലിമിറ്റ് ലംഘിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കുന്നതാണ് ഈ ക്യാമറകൾ. എന്നാൽ, അവരുടെ അൾട്രാ ക്യാമറ എന്ന് വിശേഷിപ്പിക്കുന്ന ഈ പുതിയ ഉപകരണം തീർത്തും വ്യത്യസ്തമാണ്.
വേഗത കണ്ടെത്തുന്നതിനും റെഡ് ലൈറ്റ് എൻഫോഴ്‌സ്‌മെന്റിനും ഇത് ഒരുപോലെ ഉപയോഗിക്കാൻ കഴിയും. മാത്രമല്ല, സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന പോലീസ് സേനയ്ക്കും പ്രാദേശിക അഥോറിറ്റികൾക്കും ഒരു ആകർഷണം കൂടിയാണിത്. ഒരു ഇന്റലിജന്റ് വെർച്വൽ ഫ്രിഡിനൊപ്പം പ്രവർത്തിക്കുന്ന വീഡിയോ അധിഷ്ഠിത സിസ്റ്റം ഉപയോഗിച്ചാണ് അമിത വേഗതയിലാണോ വാഹനമോടിക്കുന്നത് എന്ന് കണ്ടെത്തുന്നത്. ജെനോപ്ടിക്‌സ് റഡാർ സാങ്കേതികവിദ്യയിൽ നിന്നുള്ള അളവുകൾ പിന്നീട് മറ്റൊരു സ്വതന്ത്ര ഇമേജ് ബേസ്ഡ് എവിഡൻസുമായി താരതമ്യം ചെയ്യും.
ഫോട്ടോ ആയും വീഡിയോ ആയും ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ഇൻഫ്ര-റെഡ് ടെക്‌നോളജിയാണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ക്യാമറക്ക് ഫ്‌ളാഷിന്റെ ആവശ്യമില്ല. രാത്രിയിലും, മോശം കാലവസ്ഥയിലും പോലും ക്യാമറ ഫ്‌ളാഷിന്റെ ആവശ്യം വരില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വർഷത്തിൽ 365 ദിവസവും, 24 മണിക്കൂറും ഈ ക്യാമറകൾ പ്രവർത്തിക്കും. ചിത്രമെടുത്ത കാര്യം ഡ്രൈവർമാർക്ക് അറിയാൻ പോലും കഴിയില്ല.
നേരത്തെയുള്ള ക്യാമറകൾ റോഡിന്റെ ഇടത്തെ ലെയ്‌നിൽ കൂടി പോകുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് എടുത്തിരുന്നതെങ്കിൽ, ഈ പുതിയ ക്യാമറക്ക് മൂന്ന് ലേയ്‌നുകളിലെ വാഹനങ്ങളെ വരെ നിരീക്ഷിക്കാൻ കഴിയും. അതായത് ഒരു ക്യാമറകൊണ്ട് റോഡിന്റെ മുഴുവൻ ഭാഗത്തും നിരീക്ഷണം ശക്തമാക്കാം എന്നർത്ഥം. അതിലുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് അമിതവേഗതയിൽ പോകുന്ന വാഹനങ്ങളെയും അവയുടെ ഉടമകളെയും എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കും.
© Copyright 2024. All Rights Reserved