യുകെയില്‍ കനത്ത നാശം വിതച്ച് 'സിയാറന്‍' കൊടുങ്കാറ്റ്. 104 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. തെക്കന്‍ ഇംഗ്ലണ്ടിലെ ഡെവണ്‍, കോണ്‍വാള്‍, സസെക്സ്, സറെ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിലാണ് സിയാറന്‍ കൊടുങ്കാറ്റ് നാശങ്ങള്‍ വിതച്ചത്. ഇവിടങ്ങളിള്‍ മൂന്നൂറിലധികം സ്കൂളുകള്‍ അടച്ചു.
കനത്ത വെള്ളപ്പൊക്കം കാരണം റെയില്‍ ഗതാഗതം പലയിടത്തും നിര്‍ത്തി വച്ചിരിക്കുകയാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ വീടുകളിലുള്ള ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. അപകടസാധ്യത ഉള്ളതിനാലാണ് തെക്കന്‍ ഇംഗ്ലണ്ടിലെ സ്കൂളുകള്‍ അടച്ചത്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.
നിലവില്‍ മെറ്റ് ഓഫിസ് ആംബര്‍ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും സതേണ്‍ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ ഇന്ന് അര്‍ധരാത്രി വരെ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. ഇവിടങ്ങളില്‍ മെറ്റ് ഓഫിസിന്റെ യെല്ലോ അലെർട് നിലനില്‍ക്കുന്നുണ്ട്.
മോശം കാലാവാസ്ഥയെ തുടര്‍ന്ന് ഡോവര്‍ തുറമുഖത്ത് നിന്ന് വിനോദ സഞ്ചാരികളെ തിരിച്ച് അയച്ചു. മിക്കയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
© Copyright 2023. All Rights Reserved