സോമർസെറ്റിലെ ബ്രിഡ്ജ്വാട്ടറിൽ തങ്ങളുടെ പുതിയ നാലു ബില്യൺ പൗണ്ടിന്റെ ബാറ്ററി ഫാക്ടറി ആരംഭിക്കുന്ന കാര്യം ഇന്ത്യൻ വ്യവസായ ഭീമന്മാരായ ടാറ്റ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഇത് ഈ മേഖലയിൽ ഏകദേശം 4000 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പട്ടണത്തിന് പുറത്തായി, എം 5 നോട് ചേർന്ന് ഗ്രാവിറ്റി സ്മാർട്ട്കാമ്പസിൽ ഫാക്ടറിക്കായി സ്ഥലം വാങ്ങിയതായി ടാറ്റയുടെ ബാറ്ററി വിഭാഗമായ അഗ്രറ്റാസ് സ്ഥിരീകരിച്ചു.
തങ്ങളുടെ അടുത്ത പ്രധാന വ്യവസായ യൂണിറ്റ് യുകെയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ വർഷം ജൂലായിൽ ടാറ്റ സ്ഥിരീകരിച്ചിരുന്നു. യു കെ സർക്കാർ സബ്സിഡികളിൽ ഏകദേശം 500 മില്യൺ പൗണ്ട് ടാറ്റക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഉത്പാദന യൂണിറ്റ് നിർമ്മിക്കുന്നത് എവിടെയാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബ്രിഡ്ജ്വാട്ടർ തന്നെയായിരിക്കും എന്നാണ് അനുമാനിക്കുന്നത്. നേരത്തെ ഇവിടെ സൈന്യത്തിനായി സ്ഫ്രോടക വസ്തുക്കൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു. 2008 ൽ ആയിരുന്നു അത് അടച്ചു പൂട്ടിയത്.
ബ്രിട്ടന്റെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്താൻ തക്കവണ്ണം ആധുനിക സാങ്കേതിക വിദ്യ സോമർസെറ്റിലേക്ക് കൊണ്ടു വരിക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യം എന്ന് കമ്പനി വക്താവ് അറിയിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ വരുന്ന ആഴ്ച്ചകളിൽ കമ്പനി പ്രതിനിധികൾ പ്രദേശവാസികളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. വരുന്ന വസന്തകാലത്ത് ഫാക്ടറിയുടെ ഫൗണ്ടേഷൻ നടപടികൾ ആരംഭിക്കും. 2026 ആരംഭത്തോടെ ബാറ്ററി നിർമ്മാണം ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
യു കെയിലെയും ആഗോള തലത്തിലെയും കാർ നിർമ്മാതാക്കളെല്ലാം അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന പെട്രോൾ- ഡീസൽ കാറുകളെക്കാൾ കൂടുതലായി ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ ബാറ്ററി നിർമ്മാണത്തിന് പ്രസക്തിയേറുകയാണ്. കാർ നിർമ്മാതാക്കൾക്ക് ആവശ്യമായ ബാറ്ററികൾ ലഭ്യമാക്കാൻ സാധിച്ചില്ലെങ്കിൽ 1,60,000 പേർ തൊഴിൽ നഷ്ട ഭീഷണിക്ക് കീഴെ വരുമെന്ന് ബിസിനസ്സ് ആൻഡ് ട്രേഡ് കമ്മിറ്റിയിലെ എം പിമാർ നവംബറിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
അന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന, ടാറ്റയുടെ ഈ 40 ജിഗാവാട്ട് അവർ പ്ലാന്റ് ഉൾപ്പടെയുള്ള മറ്റ് ബാറ്ററി നിർമ്മാണ പദ്ധതികൾ എല്ലാം കൂട്ടിയാലും 2030 ആകുമ്പോഴേക്കും യു കെ ക്ക് ആവശ്യമായി വരുന്ന 100 ജിഗാവാട്ട് ഹവറിന്റെ പകുതിപോലും എത്തില്ല എന്ന് അന്ന് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ടാറ്റാ മോട്ടോഴ്സും, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജഗ്വാർ ലാൻഡ് റോവറുമായിരിക്കും അഗ്രറ്റാസിന്റെ ആദ്യ ഉപഭോക്താക്കൾ എന്ന് കമ്പനി വക്താവ് അറിയിച്ചു. വാണിജ്യാവശ്യത്തിനായി വൈദ്യൂതി സംഭരിക്കാൻ കഴിയുന്ന ബാറ്ററികളും, ഇരു ചക്ര വാഹനങ്ങൾക്കും വാണിജ്യാവശ്യ വാഹനങ്ങൾക്കും ഉള്ള ബാറ്ററികളും നിർമ്മിക്കും.
© Copyright 2024. All Rights Reserved