എനർജി പ്രൈസ് ക്യാപ്പ് വീണ്ടും താഴ്ത്തിയതോടെ വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ താൽക്കാലിക ആശ്വാസം. വേനൽക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് താഴ്ന്ന ബില്ലുകളുടെ അനുഗ്രഹം ലഭിക്കുക. വാർഷിക നിരക്കിൽ 122 പൗണ്ട് കുറച്ച് പ്രൈസ് ക്യാപ്പ് 1568 പൗണ്ടിലാണ് നിജപ്പെടുത്തിയിരിക്കുന്നത്.
-------------------aud--------------------------------
അതേസമയം, ജൂലൈ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലാണ് പുതിയ ക്യാപ്പ് പ്രാബല്യത്തിൽ ഉണ്ടാവുക. അതുകൊണ്ട് തന്നെ വിന്ററിൽ വീണ്ടും ബില്ലുകൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തിരിച്ചടി നേരിട്ടാൽ ലക്ഷക്കണക്കിന് പേർക്ക് തണുപ്പ് കാലത്ത് വീട് ചൂടുപിടിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറും.
ഹോൾസെയിൽ ഗ്യാസ്, ഇലക്ട്രിസിറ്റി വിപണികളിലെ ചെലവുകൾ കുറഞ്ഞതാണ് പ്രൈസ് ക്യാപ്പ് താഴ്ത്താനും വഴിയൊരുക്കിയത്. ഉക്രെയിനിൽ റഷ്യൻ യുദ്ധം ആരംഭിച്ചതിന് മുൻപുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ബില്ലുകൾ 500 പൗണ്ടിലേറെ കൂടുതലാണ്.
സമ്മറിൽ ബില്ലുകൾ കുറയുമ്പോഴും ബ്രിട്ടനിൽ ഏകദേശം 5.6 മില്ല്യൺ കുടുംബങ്ങൾ ഇന്ധന ദാരിദ്ര്യത്തിൽ കഴിയുമെന്ന് നാഷണൽ എനർജി ആക്ഷൻ കണക്കാക്കുന്നു. അതേസമയം വരുന്ന ഒക്ടോബറിൽ എനർജി പ്രൈസ് ക്യാപ്പ് 10% വർദ്ധിച്ച് പ്രതിവർഷം 1723 പൗണ്ടെന്ന നിലയിലേക്ക് എത്തുമെന്നാണ് എനർജി കൺസൾട്ടൻസി കോൺവാൾ ഇൻസൈറ്റിന്റെ പ്രവചനം. 2025-ലെ ആദ്യ മാസങ്ങളിൽ ബില്ലുകൾ ഈ തോതിൽ ഉയർന്ന് നിൽക്കും.
© Copyright 2023. All Rights Reserved