മാർച്ച് മാസത്തിൽ വീട് വാങ്ങാനുള്ള ഡിമാൻഡ് വർദ്ധിച്ചതും, ശക്തമായ വീട് വിൽപ്പനയും ചേർന്ന് യുകെയിലെ വീടുകൾ ചോദിക്കുന്ന ശരാശരി വിലയിൽ 5279 പൗണ്ടിന്റെ വർദ്ധന. ഇതോടെ ശരാശരി വീടുകളുടെ വില 370,000 പൗണ്ടിലേക്കാണ് കുതിച്ചുയർന്നത്. 2023-ൽ താരതമ്യേന നിശബ്ദമായിരുന്ന ഭവനവിപണിയാണ് ഇപ്പോൾ തിരിച്ചുവരവ് നടത്തുന്നത്.
യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്‌സൈറ്റ് റൈറ്റ്മൂവ് നൽകുന്ന കണക്കുകൾ പ്രകാരം ഈ മാസം 1.5% വില വർദ്ധനവാണ് രേഖപ്പെടുത്തിയത്. സാധാരണ മാർച്ച് മാസങ്ങളിലെ 1% വർദ്ധനയെ മറികടന്നാണ് ഈ കുതിപ്പ്. 10 മാസത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിമാസ വർദ്ധനവ് കൂടിയാണിത്. ഈ മാസം വാങ്ങാൻ തയ്യാറാകുന്നവരുടെ എണ്ണത്തിലും സുപ്രധാന വർദ്ധനവ് ഉണ്ടായിട്ടുണ്ടൈന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. വീട് വാങ്ങാൻ അവസരം ലഭിക്കുന്നതായി കരുതുന്നവരുടെ എണ്ണമേറിയതാണ് ഇതിന് കാരണം. യുകെയിലെ ശരാശരി ചോദിക്കുന്ന വില ഇപ്പോൾ 368,118 പൗണ്ടിലെത്തിയെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. 2023-ലെ അസ്ഥിരതയ്ക്ക് ശേഷമാണ് വിപണി ചൂടുപിടിക്കുന്നത്.
മാർച്ച് മാസം ആരംഭിച്ചതിന് ശേഷം തീരുമാനത്തിലെത്തിയ വിൽപ്പനകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13% കൂടുതലാണ്. അതേസമയം വലിയ വീടുകൾക്കാണ് പ്രധാനമായും ആവശ്യമേറുന്നത്. ലണ്ടനിലാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. ഏതാനും ആഴ്ചകൾ ഒതുങ്ങിയ മോർട്ട്‌ഗേജ് നിരക്ക് വർദ്ധനവുകൾക്ക് ശേഷം ഇപ്പോൾ അഞ്ച് വർഷത്തെ ഫിക്‌സഡ് മോർട്ട്‌ഗേജ് റേറ്റ് 4.84 ശതമാനത്തിലാണ്.
© Copyright 2023. All Rights Reserved