ജെറമി ഹണ്ടിന്റെ പണപ്പെരുപ്പം കുറച്ച ശേഷം ബാക്കി നോക്കാമെന്ന നിലപാട് ടോറി പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നു. മൂന്നാം പാദത്തിൽ യുകെ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയിൽ എത്തിയതോടെ നികുതികൾ വെട്ടിക്കുറച്ച് ശക്തി പകരണമെന്ന് ചാൻസലർക്ക് മുന്നിൽ മുറവിളി ഉയർന്നുകഴിഞ്ഞു.
എന്നാൽ പണപ്പെരുപ്പം നേരിടാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് ചാൻസലർ ആവർത്തിക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ ജിഡിപി സ്തംഭിക്കുന്ന നിലയിൽ എത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓട്ടം സ്‌റ്റേറ്റ്‌മെന്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന ജെറമി ഹണ്ട് നിക്ഷേപത്തിന് ഉത്തേജനം പകരുമെന്ന് സൂചന നൽകുന്നുണ്ട്. വളർച്ചയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വർഷത്തിന്റെ തുടക്കത്തിൽ യുകെ സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നതായി ഹണ്ട് ചൂണ്ടിക്കാണിക്കുന്നു. 'പണപ്പെരുപ്പത്തിന് ഊർജ്ജം പകരുന്ന നികുതി വെട്ടിക്കുറയ്ക്കൽ തള്ളിക്കളയാം. ഇത് ചെയ്താൽ തെറ്റായി മാറും', അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക ഭാരം മുൻനിർത്തി നടപടി വേണമെന്ന് ടോറി എംപിമാർ പോലും ആവശ്യപ്പെടുമ്പോഴാണ് നിലപാട് മാറ്റില്ലെന്ന് ചാൻസലർ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ മാസത്തിൽ 0.2 ശതമാനം വളർച്ച കൈവരിച്ചുവെന്നത് മാത്രമാണ് ആശ്വാസത്തിന്റെ ചിത്രം നൽകുന്നത്. പ്രവചനങ്ങളെ മറികടന്നാണ് ഈ ചെറിയ വളർച്ച. മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥ വളർച്ച നേടിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഹെൽത്ത്, മാനേജ്‌മെന്റ് കൺസൾട്ടൻസി, കൊമേഴ്‌സ്യൽ പ്രോപ്പർട്ടി റെന്റ് എന്നിവയിലാണ് തളർച്ച നേരിട്ടത്. സെപ്റ്റംബറിൽ സിനിമാ നിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ ചെറിയ വളർച്ച വന്നതാണ് ഗുണമായത്, ഒഎൻഎസ് ഡയറക്ടർ ഡാരെൻ മോർഗൻ പറഞ്ഞു.
© Copyright 2023. All Rights Reserved