യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്സിൻ അല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. പാരമ്പര്യം, ജീവിത ശൈലി എന്നിവയാകാം മരണകാരണമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.
യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്‌സീൻ സ്വീകരിച്ചതിനു ശേഷമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐ.സി.എം.ആറിൻ്റെ പഠനറിപ്പോർട്ട് പുറത്തുവരുന്നത്. നേരെമറിച്ച്, വാക്‌സിൻ കുറഞ്ഞത് ഒരു ഡോസ് സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ അത്തരം മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. അറിയപ്പെടാത്ത അസുഖങ്ങളൊന്നും കൂടാതെ, വിശദീകരിക്കാനാകാത്ത കാരണങ്ങളാൽ പെട്ടെന്ന് മരിക്കുകയും ചെയ്‌ത 18നും 45നും ഇടയിൽ പ്രായമുള്ളവരുടെ കേസുകൾ സംബന്ധിച്ചായിരുന്നു പഠനം. 729 കേസുകളാണ് പഠനവിധേയമാക്കിയത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ വെളിപ്പെടുത്തി. ഒരു ഡോസ് സ്വീകരിച്ചവർക്കും സമാനമായ സംരക്ഷണമുണ്ടാകില്ലെങ്കിലും സാധ്യത കുറവാണ്. എന്നിരുന്നാലും, പെട്ടെന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ പഠനം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൻ്റെ ചരിത്രം, പെട്ടെന്നുള്ള മരണം സംഭവിച്ചതിന്റെ കുടുംബ പാരമ്പര്യം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചത്, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ ഇതിലുൾപ്പെടുന്നു. ഐ.സി.എം.ആറിൻ്റെ പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗുരുതരമായി കോവിഡ് ബാധിച്ചവർ അമിതമായി അധ്വാനിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത തുടർ മരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
© Copyright 2023. All Rights Reserved