യു.എസിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണെന്ന് സർവേഫലം. യു.എസിലെ ആഭ്യന്തര യുദ്ധം തടയുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റുമാർക്കും താഴെയാണ് ട്രംപിൻ്റെ സ്ഥാനം. നിലവിലെ പ്രസിഡന്റ്റ് ജോ ബൈഡൻ 14-ാം സ്ഥാനത്താണ് വരുന്നത്. യു.എസ് പ്രസിഡന്റുമാരുടെ മികവ് അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലാണ് ട്രംപ് അവസാന സ്ഥാനത്ത് ഇടംപിടിച്ചത്.
രാഷ്ട്രീയശാസ്ത്രജ്ഞരായ ജസ്റ്റിൻ വോഗൻ, ബ്രാൻഡൺ റോട്ടിഗസ് എന്നിവരാണ് സർവേ നടത്തിയത്. യു.എസ് രാഷ്ട്രീയം സംബന്ധിച്ച് ഗവേഷണം നടത്തുന്ന 154 പേർക്കിടയിലാണ് സർവേ . മികച്ചത്, ശരാശരി, മോശം എന്നിങ്ങനെ മൂന്ന് റേറ്റിങ്ങാണ് പ്രസിഡൻ്റുമാർക്ക് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. 2015ലും 2018ലും സമാനമായ രീതിയിൽ പട്ടിക തയാറാക്കിയിരുന്നു.അമേരിക്കയിൽ അടിമത്വം അവസാനിപ്പിച്ച എബ്രഹാം ലിങ്കണാണ് പട്ടികയിൽ ഒന്നാമത്. ഫ്രാങ്ക്ലിൻ റൂസ്വെൽറ്റാണ് രണ്ടാമത്. യു.എസ് സാമ്പത്തിക മാന്ദ്യത്തേയും രണ്ടാം ലോകമഹായുദ്ധത്തേയും നേരിട്ടപ്പോൾ അദ്ദേഹമായിരുന്നു പ്രസിഡൻ്റ്. ജോർജ് വാഷിങ്ടണ്ണാണ് മൂന്നാമത്. ടെഡി റൂസ്വെൽറ്റ്, തോമസ് ജെഫേഴ്സൺ, ഹാരി ട്രൂമാൻ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. യു.എസിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ് ബറാക് ഒബാമ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാമതെത്തി. യു.എസിലെ ജനാധിപത്യ അട്ടിമറി തടഞ്ഞ പ്രസിഡന്റ് എന്നതാണ് ബൈഡന്റെ പ്രസക്തിയെന്നും ഗവേഷകർ വിലയിരുത്തിയിട്ടുണ്ട്. നേരത്തെ യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറുന്നതിന് ട്രംപ് വിസമ്മതിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ യു.എസിന്റെ ഭരണസിരാകേന്ദ്രത്തിൽ ഉൾപ്പടെ കലാപസമാന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
© Copyright 2023. All Rights Reserved