ആദിത്യ സർവതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാൻ നാഗ്‌വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയർന്നു പൊങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്ത ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി.
അർധ സെഞ്ചറി നേടിയ ജയ്മീത് പട്ടേൽ , സിദ്ധാർഥ് ദേശായി അർസാൻ നാഗ്‌വസ്വല്ല എന്നിവരാണ് അവസാന ദിവസം പുറത്തായ ഗുജറാത്ത് ബാറ്റർമാർ. മൂന്നു പേരുടെ വിക്കറ്റും ആദിത്യ സർവതേയാണ് സ്വന്തമാക്കിയത്. പ്രിയജിത് സിങ് ജഡേജ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കേരളം ഫൈനലിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ ഒരു റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡിന്റെ പിൻബലത്തിലായിരുന്നു കേരളം സെമി ഫൈനലിൽ കടക്കുന്നത്. സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, ജലജ് സക്‌സേന, ആദിത്യ സർവതെ, എം ഡി നീധീഷ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളാണ് ടൂർണമെന്റിൽ കേരളത്തിന് തുണയായത്. പരിശീലകനായ മുൻ ഇന്ത്യൻ താരം അമേയ് ഖുറാസിയയുടെ തന്ത്രങ്ങളും കേരളത്തിന്റെ കുതിപ്പിൽ നിർണായകമായിരുന്നു.
© Copyright 2024. All Rights Reserved