രണ്ടാം വീട് വാങ്ങിയവരുടെ എണ്ണം യുകെയിൽ കുതിച്ചുയർന്നപ്പോൾ അത്തരക്കാർ വാടക ഇനത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വെട്ടിക്കുന്നതായി എച്ച്എംആർസിയുടെ കണ്ടെത്തൽ. ഇത്തരക്കാരെ കണ്ടെത്തി കൃത്യമായി നികുതി അടപ്പിക്കാൻ വകുപ്പ് ശ്രമം തുടങ്ങിയതായി വാർത്തകൾ. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ വാടക വരുമാനം കുതിച്ചുയർന്നതാണ് രണ്ടാം വീട് മികച്ച വരുമാനം ആണെന്ന് മനസിലാക്കി അനേകായിരങ്ങൾ ഈ രംഗത്ത് നിക്ഷേപം നടത്താൻ തയ്യാറായത്.
എന്നാൽ വാടക ഇനത്തിൽ ലഭിക്കുന്ന വരുമാനം വീടിന്റെ അറ്റകുറ്റപണികൾക്കും മറ്റും ചെലവായതായി കള്ളക്കണക്കുകൾ കാണിക്കുന്നവരുടെ എണ്ണം ഉയർന്നു തുടങ്ങിയതാണ് നികുതി വകുപ്പിനെ സംശയക്കണ്ണിൽ നോക്കാൻ പ്രേരിപ്പിക്കുന്നത്. വാടകക്ക് നൽകാൻ വീടുകൾ വാങ്ങുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആയതോടെ അനേകായിരം പേരാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്. മറ്റ് നിക്ഷേപ മാർഗങ്ങൾ സ്ഥിരം വെല്ലുവിളി നിറഞ്ഞതാണ് എന്നത് കൊണ്ട് വീടുകൾ വാങ്ങിക്കൂട്ടിയാൽ അത് സ്ഥിര വരുമാനത്തിന് ഏറ്റവും സഹായകം എന്ന ചിന്തയിലാണ് കുറഞ്ഞ പലിശ നിരക്ക് ഉണ്ടായിരുന്ന കാലത് ഈ രംഗത്തേക്ക് നിക്ഷേപം ഒഴുകിയത്. ഏറ്റവും അടിസ്ഥാന പലിശയിൽ നിന്നും അഞ്ചേകാൽ ശതമാനം പലിശയിലേക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്തിയതോടെ വാടക വീടുകൾ നൽകുന്ന വരുമാനം അത്ര ആകർഷണീയം അല്ലാതായി മാറുകയാണ്. കേവലം 300 പൗണ്ടിൽ താഴെ പോലും പലിശ നൽകിയിരുന്നവർക്ക് ഇപ്പോൾ 600 പൗണ്ടിന് മുകളിലേക്ക് റീ മോർട്ട്‌ഗേജ് എത്തിയതോടെ വാടക വീട് എന്ന വരുമാന മാർഗത്തിൽ വലിയ ഇടിവാണ് സംഭവിക്കുന്നത്. ഒരു വീടിനു ശരാശരി ആയിരം പൗണ്ട് വാടക ലഭിച്ചാലും പലിശ അടച്ച ശേഷം ലഭിക്കുന്ന തുക പലപ്പോഴും അറ്റകുറ്റപ്പണിക്ക് ആവശ്യമായി വരുകയാണ്. വലിയ ലാഭം എടുത്തു വീട് വിൽക്കാനാകും എന്ന മോഹവും താൽക്കാലികമായി എങ്കിലും കുറയുകയാണ്. കാരണം ഉയർന്ന പലിശ നിരക്കിൽ വീട് വാങ്ങാൻ വിപണിയിൽ തിരക്ക് കൂട്ടിയവരുടെ എണ്ണം ഇപ്പോൾ പഴയത് പോലെ സജീവവും അല്ല. കൃത്യമായി നികുതി അടയ്ക്കുന്നവർ നൽകുന്ന ടാക്‌സ് റിട്ടേണുകളും നികുതി വെട്ടിപ്പ് നടത്തുന്നവരുടെ റിട്ടേണുകളും തമ്മിൽ വലിയ അന്തരം ശ്രദ്ധയിൽ പെട്ടതോടെയാണ് നികുതി വകുപ്പ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിയത്. വാടക വരുമാനം നികുതി നൽകേണ്ട സ്രോതസ് ആയാണ് നികുതി വകുപ്പ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം അവസാന കണക്കിൽ യുകെയിൽ മൂന്നു ലക്ഷത്തിൽ ഏറെ കമ്പനികളാണ് വാടക വരുമാനത്തിന് ആയി നികുതി വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വര്ഷം മുൻപ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത വക്തിഗത കമ്പനികളുടെ എണ്ണം രണ്ടേകാൽ ലക്ഷം മാത്രം ആയിരുന്നു. കോവിഡിന് ശേഷം വാടകക്ക് വീടുകൾ നൽകാൻ വാങ്ങിയവരുടെ എണ്ണത്തിൽ വമ്പൻ വർധനയാണ് ഉണ്ടായതെന്ന് ഈ കണക്കുകൾ കാണിക്കുന്നു. ഏഴു വര്ഷം മുൻപ് വാടക വീടുകൾ വാങ്ങുന്നതിനായി ലഭിച്ചിരുന്ന മോർട്ട്‌ഗേജ് അപേക്ഷകൾ 40 ശതമാനം ആയിരുന്നത് ഇക്കഴിഞ്ഞ ജനുവരിയിൽ 65 ശതമാനമായി ഉയർന്നിരിക്കുകയാണ്. എന്നാൽ ഇതനുസരിച്ചുള്ള നികുതി വരുമാനം എത്തിയില്ല എന്നതാണ് എച്ച്എംആർസിയെ വെട്ടിപ്പ് നടക്കുന്നു എന്ന സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്.വാടക വീടുകൾ വാങ്ങുന്നവർ പ്രധാനമായും പലിശ മാത്രം അടച്ചു പോകുന്ന തരത്തിൽ ഉള്ള വായ്പകളാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ലോണുകൾക്ക് സ്വാഭാവികമായും മൊത്ത വായ്പ തുകയുടെ തിരിച്ചടവിനു തയ്യാറാകുന്ന ലോണുകളേക്കാൾ ഉയർന്ന പലിശ ആയിരിക്കും എന്നാണ് പ്രധാന ബാങ്കുകൾ വ്യക്തമാക്കുന്നത്. ഇതിനർത്ഥം വീട്ടുടമ നൽകുന്ന അധിക പണം ബാങ്കുകൾക്കു ലാഭം കൂട്ടും എന്ന് തന്നെയാണ്.
വീടിന്റെ മോർട്ട്‌ഗേജ് കുറയുന്നില്ല എന്നതിനാൽ വീട് വിറ്റാൽ പോലും അധിക ലാഭം ഉടമയുടെ കൈകളിൽ എത്താനുള്ള സാധ്യതയും കുറയുകയാണ്. ബൈ ടു ലെറ്റ് എന്നറിയപ്പെടുന്ന വാടക വീടുകൾക്ക് ഉള്ള ശരാശരി രണ്ടു വർഷത്തെ പലിശ ആറു ശതമാനത്തിൽ എത്തി നിൽകുമ്പോൾ വീടിന്റെ മൊത്ത വിലയും തിരിച്ചടയ്ക്കുന്ന റീപേയ്മെന്റ് മോർട്ട്‌ഗേജിൽ നാലേകാൽ ശതമാനത്തിനു വരെ വായ്പ ലഭ്യമാകുന്നുണ്ട്. ഇതിനർത്ഥം ബൈ ടൂ ലെറ്റ് മോർട്ട്‌ഗേജിൽ വീട്ടുടമ അനാവശ്യമായി അധിക പണം വായ്പക്ക് നൽകുന്നു എന്ന് തന്നെയാണ്.
എന്നാൽ ഏതാനും വർഷത്തേക്ക് വീട് കൈവശം വച്ച് വില ഉയരുമ്പോൾ മറിച്ചു വിൽക്കാം എന്ന് കരുതുന്ന വീട്ടുടമകൾ ബൈ ടൂ ലെറ്റ് തന്നെയാണ് ലാഭകരം എന്നും കരുതുന്നു. കാരണം പലിശ അടവ് കഴിഞ്ഞു മിച്ചം വരുന്ന സൈറ്റ് പണം കൈയിൽ സൂക്ഷിക്കാം എന്ന ചിന്തയാണ് ഈ വായ്പയിലേക്ക് ഉടമകളെ ആകർഷിക്കുന്നത്. പക്ഷെ ഈ വരുമാനത്തിന് കൃത്യമായി നികുതി കൂടി നൽകി കഴിഞ്ഞാൽ ആകർഷണം വീണ്ടും താഴേക്ക് ഇടിയുന്നു എന്നും മോർട്ട്‌ഗേജ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകൾ കുറഞ്ഞ പലിശക്ക് വായ്പ നൽകിയിരുന്ന സമയത്തു ശരാശരി 23 ശതമാനം വാടക ഇനത്തിൽ ലാഭം ലഭിച്ചിരുന്ന വീട്ടുടമകളക്ക് വാടക ഇടിവിനു സാധ്യത തെളിയുകയും പലിശ നിരക്ക് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ ലാഭ വിഹിതം കുത്തനെ ഇടിയും എന്ന മുന്നറിയിപ്പാണ് ഇപ്പോൾ എത്തുന്നത്. പക്ഷെ ഇക്കാര്യത്തിൽ മിക്ക വീട്ടുടമകൾക്കും തെറ്റായ മാർഗ നിർദേശം പല അക്കൗണ്ടിങ് സ്ഥാപനങ്ങളും നൽകിയിട്ടുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന് മണി ഫാക്ട്‌സ് വെബ് സൈറ്റ് മുന്നറിയിപ്പ് നൽകുന്നു.
© Copyright 2024. All Rights Reserved