ബ്രിട്ടന്റെ വെൽഫെയർ സിസ്റ്റം ഫലപ്രദമല്ലെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. യാതൊരു ജോലിക്കും പോകാത്ത ലക്ഷക്കണക്കിന് ആളുകളെ സൃഷ്ടിക്കുന്നതാണ് രാജ്യത്തിന്റെ ബെനഫിറ്റ് സിസ്റ്റമെന്ന് മുൻപ് തന്നെ ആരോപണമുണ്ടായിരുന്നു. ചെറിയ ജോലികൾക്ക് പോലും കുടിയേറ്റക്കാരെ ആശ്രയിക്കുകയും, പണിയെടുക്കാതെ സ്വന്തം നാട്ടിലെ ജനങ്ങൾ ആനുകൂല്യങ്ങൾ വാങ്ങി സസുഖം വാഴുകയും ചെയ്യുന്ന പരിപാടി അവസാനിപ്പിക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
-------------------aud--------------------------------
വെൽഫെയർ സിസ്റ്റത്തിൽ കാര്യമായ പരിഷ്‌കാരങ്ങൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാക് ഇപ്പോൾ വ്യക്തമാക്കുന്നത്. ഈ ബെനഫിറ്റുകൾ വെട്ടിക്കുറച്ച് പകരം പണിയെടുക്കുന്ന ജനത്തിന് നിരുതി വെട്ടിക്കുറച്ച് നൽകാൻ ഉപയോഗിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിൽ ഗുണകരമായ തോതിൽ തന്നെ നികുതി കുറയ്ക്കൽ ഉണ്ടാകുമെന്ന് ഉറപ്പായി. വെൽഫെയർ പരിഷ്‌കാരങ്ങളും, പബ്ലിക് ചെലവഴിക്കലിൽ അച്ചടക്കവും ഉറപ്പുനൽകിയ പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് നികുതി കുറച്ച് സമ്മാനം നൽകുമെന്നും വ്യക്തമാക്കി. വർഷത്തിന്റെ രണ്ടാം പാദത്തിൽ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. മാർച്ച് 6-ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ നികുതി ഭാരം കുറയ്ക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കും.
നവംബറിലെ ഓട്ടം ബജറ്റിൽ പ്രഖ്യാപിച്ച നാഷണൽ ഇൻഷുറൻസിലെ 2 പെൻസ് വെട്ടിക്കുറയ്ക്കൽ ഈയാഴ്ച നിലവിൽ വന്നിരുന്നു. എന്നിരുന്നാലും ഇൻകംടാക്‌സ് പരിധി മരവിപ്പിച്ച് നിർത്തിയിരിക്കുന്നതിനാൽ വർദ്ധിച്ച നികുതി ബില്ലുകളാണ് ലക്ഷക്കണക്കിന് ജനങ്ങൾക്ക് നേരിടേണ്ടി വരുന്നത്. ഇത് ടോറി എംപിമാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ കാര്യത്തിൽ ഒരു മാറ്റം ഉണ്ടാകുമെന്നാണ് സുനാകിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
© Copyright 2025. All Rights Reserved