രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ ജനങ്ങൾക്ക് ശക്തമായ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റിലാണെന്നു പറഞ്ഞുള്ള കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യയിൽ ഡിജിറ്റൽ രീതിയിൽ അറസ്റ്റ് ചെയ്യാനാവില്ല. ഇവരോട് ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.
-------------------aud--------------------------------
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഒരാൾ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മൻ കി ബാത്തിൽ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. ദൃശ്യത്തിൽ കാണുന്നയാൾ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങൾ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരിൽ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെടുന്നു. കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേർ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് താൻ മൻ കീ ബാത്തിൽ മുന്നറിയിപ്പ് നൽകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുത്. അത്തരം ഘട്ടങ്ങളിൽ പേടിക്കാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കിൽ വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കണം അല്ലെങ്കിൽ റെക്കോർഡ് ചെയ്യണം. പിന്നീട് ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പർ 1930ൽ വിവരമറിയിക്കണം. വീഡിയോ കോൾ വന്ന നിരവധി ഐഡികൾ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. സിം കാർഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്‌തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ വിവിധ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഏജൻസികൾക്കിടയിൽ ഏകോപനം സാധ്യമാകാൻ നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവർ പൊലീസ്, സിബിഐ, ആർബിഐ അല്ലെങ്കിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഫോൺ ചെയ്യുന്നത്. അവർ വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. തുടർന്ന് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധം അവർ നിങ്ങളെ ഭയപ്പെടുത്തും. മൂന്നാം ഘട്ടത്തിലാണ് സമയവുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ഡിജിറ്റൽ അറസ്റ്റിന്റെ ഇരകൾ ആയിട്ടുണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് പലർക്കും നഷ്ടമായത്. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോൾ വന്നാൽ പേടിക്കേണ്ട. ഒരു അന്വേഷണ ഏജൻസിയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ഇത്തരം ചോദ്യം ചെയ്യൽ നടത്തുന്നില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഡിജിറ്റൽ സുരക്ഷയ്ക്ക് 3 ഘട്ടങ്ങളുണ്ട്. നിർത്തുക, ചിന്തിക്കുക, നടപടിയെടുക്കുക. സാധ്യമെങ്കിൽ, ഒരു സ്‌ക്രീൻഷോട്ട് എടുത്ത ശേഷം റെക്കോർഡ് ചെയ്യുക.ഒരു സർക്കാർ ഏജൻസികളും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ലന്നും പ്രധാനമന്ത്രി പറഞ്ഞു.
© Copyright 2024. All Rights Reserved