ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. ഉത്തരേന്ത്യയിൽ പാർട്ടിക്കുണ്ടായ പുത്തൻ ഉണർവ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാൻ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാർട്ടി പ്രവർത്തക സമിതി വിലയിരുത്തി.
-------------------aud--------------------------------
രാഹുൽ ഒഴിയുന്ന വയനാട് സീറ്റിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന സൂചന. കേരളത്തിൽനിന്നുള്ള ഒരു നേതാവിനെ വയനാട്ടിൽ സ്ഥാനാർഥിയാക്കണമെന്ന നിർദേശമാണ് ചർച്ചകളിൽ ഉയർന്നത്. ബിജെപി ഉയർത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രവർത്തക സമിതി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്ന ഇന്ത്യാ മുന്നണി തുടർന്നും ഒരുമയോടെ മുന്നോട്ടു പോവണമെന്ന നിർദേശം എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവച്ചു. പുനരുജ്ജവനം ഉണ്ടായെങ്കിൽക്കൂടി ചില സംസ്ഥാനങ്ങളിൽ പ്രതീക്ഷയ്ക്കും കഴിവിനും ഒപ്പം എത്തിയില്ലെന്ന ആത്മവിമർശനം കൂടി പാർട്ടി നടത്തേണ്ടതുണ്ടെന്ന് ഖാർഗെ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായ സംസ്ഥാനങ്ങളിൽ ഇത്തവണ പ്രകടനം മെച്ചപ്പെട്ടില്ല. ഇതു പ്രത്യേകമായെടുത്ത് ചർച്ച ചെയ്യണമെന്ന് ഖാർഗെ പറഞ്ഞു.
© Copyright 2024. All Rights Reserved