യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. രാഹുൽ സ്ത്രീകളെ മുന്നിൽനിർത്തി അക്രമം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്നു രാവിലെ പത്തനംതിട്ട അടൂരിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് .സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. -------------------aud--------------------------------രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ വീട്ടിലെത്തിയതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെ ആക്രമിച്ചത് രാഹുലിന്റെ നേതൃത്വത്തിലാണ്. സ്ത്രീകളെ മുന്നിൽനിർത്തിയായിരുന്നു ആക്രമണം. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടിൽ തുടരുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ രാഹുൽ വെല്ലുവിളിച്ചെന്നും പൊലീസ് വാദിക്കുന്നുണ്ട്. അതേസമയം, രാഹുലിനെ രണ്ട് കേസുകളിൽ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയിലായിരുന്നു പൊലീസ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലാണു നടപടി വേണ്ടത്. ഒരു കേസിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. രാഹുൽ അക്രമത്തിന് പ്രോത്സാഹനം നൽകിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അണികളെ തടയുന്നതിന് പകരം പൊലീസിനെ ആക്രമിച്ചു. തുടർച്ചയായി അക്രമം നടത്തി. പിരിഞ്ഞുപോയവരെ തിരികെവിളിച്ച് അക്രമം നടത്തി. അതിരുകടന്ന പ്രതിഷേധമാണ് നടന്നത്. അക്രമം ഉണ്ടായിട്ടും പൊലീസ് സംയമനം പാലിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പാലക്കാട് ടൗൺ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.കണ്ണൂരിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. പത്തനംതിട്ടയിലും ഇടുക്കിയിലും തൃശ്ശൂരിലും കോട്ടയത്തും പ്രതിഷേധം നടന്നു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മലപ്പുറത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോട്ടയത്തും ആലപ്പുഴയിലും സംഘർഷമുണ്ടായി. പ്രതിഷേധം നടന്ന സ്ഥലങ്ങളിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
© Copyright 2023. All Rights Reserved