റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നോടൊപ്പം പോരാടുന്ന വിദേശീയർക്കും മറ്റ് രാജ്യങ്ങളിലെ യുക്രെയ്ൻ വംശജർക്കും പൗരത്വം വാഗ്ദാനം ചെയ്ത് പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി. തൻറെ നിർദേശം പാർലമെൻറിൻറെ അനുമതിക്കായി സമർപ്പിക്കുമെന്നും സെലെൻസ്കി അറിയിച്ചു.
യുക്രെയ്ൻ ഐക്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സെലൻസ്കിയുടെ പ്രസ്താവന. വിദേശ പൗരത്വമുള്ളവർക്ക് ഇരട്ട പൗരത്വത്തിന് യുക്രെയ്ൻ അവസരം നൽകും. ഇതിനായി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ പാർലമെൻറിൽ നിർദേശം സമർപ്പിക്കും.
മറ്റ് രാജ്യങ്ങളിലുള്ള യുക്രെയ്ൻ വംശജർക്കും അവരുടെ പിന്മുറക്കാർക്കും യുക്രെയ്ൻറെ പോരാട്ടത്തിൻറെ ഭാഗമായി പൗരത്വം നേടാം. എന്നാൽ, റഷ്യക്കാർക്ക് പൗരത്വം നൽകില്ലെന്നും സെലൻസ്കി വ്യക്തമാക്കി.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം രണ്ട് വർഷത്തോടടുക്കുകയാണ്. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചത്. യുക്രെയ്ൻ വംശജർ ഒന്നിച്ചുനിൽക്കണമെന്ന് സെലൻസ്കി അന്നുമുതൽ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സൈനിക, സാമ്പത്തിക ആവശ്യങ്ങൾക്ക് വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യമാണ് യുക്രെയ്ൻ.
© Copyright 2023. All Rights Reserved