ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ദക്ഷിണ റഷ്യൻ പ്രദേശമായ ഡാഗെസ്താനിലെ റൺവേയിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. മഖച്കലയിലെ വിമാനത്താവളത്തിലെ റൺവേയിലേക്ക് അപ്രതീക്ഷിതമായാണ് പ്രതിഷേധക്കാരെത്തിയത്. ഇവർ റൺവേ പിടിച്ചെടുക്കുകയും റൺവേ അടയ്ക്കുകയും ചെയ്തു. ഇതോടെ റഷ്യൻ എവിയേഷൻ അതോറിറ്റി മഖച്കലയിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
ഗാസയിലെ ഇസ്രായേൽ നടപടിയെ അപലപിക്കാനാണ് ഇവർ ഒത്തുകൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പ്രതിഷേധക്കാരുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിൽ പ്രതിഷേധക്കാരുടെ വലിയ സംഘങ്ങൾ എയർ ടെർമിനലിലേക്ക് പ്രവേശിക്കുന്നതും തുടർന്ന് ഉള്ളിലെ മുറികൾ തകർക്കുന്നതും കാണാം.പലസ്തീൻ പതാക വീശി അള്ളാഹു അക്ബർ എന്ന് വിളിച്ച് പ്രതിഷേധക്കാർ വിമാനത്താവള കെട്ടിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.മുദ്രാവാക്യങ്ങൾ വിളിച്ച് ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് വരുന്ന വിമാനങ്ങളിലെ യാത്രക്കാരെ തിരഞ്ഞുപിടിച്ചു.പ്രതിഷേധക്കാർ ബലം പ്രയോഗിച്ച് വാതിലുകൾ തുറക്കുന്നതും ക്യാമറയ്ക്ക് പിന്നിൽ നിന്ന് മോശമായ ഭാഷയിൽ ആക്രോശിക്കുന്നതും വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.ഇതിലൊരാൾ വിമാനത്താവള ജീവനക്കാരോട് ദേഷ്യപ്പെടുന്നുണ്ട്. 'ഇവിടെ ഇസ്രായേലികളില്ലെന്ന് ഒരു സ്ത്രീ റഷ്യൻ ഭാഷയിൽ പറയുന്നത് കേൾക്കാം.ഇസ്രായേൽ പൗരന്മാരെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പല മാധ്യമങ്ങളും അവകാശപ്പെടുന്നുണ്ട്.
സംഭവത്തിൽ 20-ലധികം പേർക്ക് പരിക്കേറ്റതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഡാഗസ്ഥാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
© Copyright 2025. All Rights Reserved