വ്ലാദിമിർ പുടിൻ്റെ ഭരണകാലത്തിന് അന്ത്യം കുറിച്ച് റഷ്യയുടെ പ്രസിഡൻ്റാവുകയാണ് ജീവിതലക്ഷ്യമെന്ന് വെളിപ്പെടുത്തി ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ഭാര്യ യൂലിയ. ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യത്തിനായുള്ള ഭർത്താവിൻ്റെ പോരാട്ടം താൻ ഏറ്റെടുത്തിരിക്കുകയാണ്. അത് തുടരുമെന്നും അവർ വ്യക്തമാക്കി. ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കും. പുടിനാണ് എൻ്റെ രാഷ്ട്രീയ എതിരാളി. എത്രയും പെട്ടെന്ന് പുടിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സാധ്യമായതെല്ലാം ചെയ്യും'-യൂലിയ പറഞ്ഞു.
-------------------aud--------------------------------
ഇപ്പോൾ റഷ്യക്കു പുറത്തുനിന്നാണ് യൂലിയയുടെ പോരാട്ടം. രാജ്യത്ത് തിരിച്ചെത്തിയാൽ രാജ്യദ്രോഹക്കുറ്റമുൾപ്പെടെ ചേർത്ത് ജയിലിലടക്കുമെന്ന് ഉറപ്പാണ്. പുടിൻ അധികാരത്തിൽ തുടരുന്ന കാലത്തോളും രാജ്യത്തേക്കുള്ള മടക്കം സാധ്യമല്ലെന്നും അവർ പറഞ്ഞു. സൈബീരിയയിലെ ജയിലിൽ ഏകാന്ത തടവിൽ കഴിയവെ ദുരൂഹ സാഹചര്യത്തിലാണ് അലക്സി നവാൽനി മരിച്ചത്. പുടിൻ്റെ ഏറ്റവും വലിയ വിമർശകനായിരുന്നു നവാൽനി. നവാൽനിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുടിൻ ഭരണകൂടം അദ്ദേഹത്തെ ജയിലിലടച്ചത്. 2021ൽ നവാൽനി വിഷപ്രയോഗത്തെ അതിജീവിച്ചിരുന്നു. നവാൽനിയുടെ മരണത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് പുടിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. 295 ദിവസമാണ് എൻ്റെ ഭർത്താവ് ഏകാന്തതടവിൽ കഴിഞ്ഞത്. ഏറ്റവും കടുത്ത ശിക്ഷക്കു പോലും രണ്ടാഴ്ചത്തെ ഏകാന്ത തടവിലാണ് ആളുകളെ പാർപ്പിക്കാറുള്ളത്. ജയിലിൽ കഴിയുമ്പോൾ അദ്ദേഹം ഒരുപാട് സഹിച്ചു. അലക്‌സി ജയിലിൽ കഴിഞ്ഞ പോലെ പുടിനും തടവറക്കുള്ളിലാകണം. അദ്ദേഹം അനുഭവിച്ചതൊക്കെ പുടിനും നേരിടണം. അതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നും യൂലിയ കൂട്ടിച്ചേർത്തു. അലക്‌സിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ചുമതല ഇപ്പോൾ യൂലിയക്കാണ്.
© Copyright 2024. All Rights Reserved