കുടിയേറ്റക്കാരെ തുരത്താൻ ഗവൺമെന്റ് പ്രതീക്ഷയോടെ മുന്നോട്ട് വെയ്ക്കുന്ന റുവാൻഡ നാടുകടത്തൽ പ്ലാനിൽ മാറ്റങ്ങൾ വരുത്താനുള്ള പിയേഴ്‌സിന്റെ ശ്രമങ്ങൾ തള്ളി എംപിമാർ. ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങൾ നിർദ്ദേശിച്ച 10 ഭേദഗതികളാണ് എംപിമാർ തള്ളിയത്. ഇതോടെ സ്പ്രിംഗ് സീസണിൽ കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിമാനങ്ങൾ പറക്കുമെന്ന പ്രതീക്ഷ സജീവമാക്കാൻ ഋഷി സുനാകിന് സാധിച്ചു.
ഇനി ഹൗസ് ഓഫ് ലോർഡ്‌സിൽ രണ്ടാം വരവ് വരുമ്പോൾ കൂടുതൽ മാറ്റങ്ങൾ ആവശ്യമാണോയെന്ന് പിയേഴ്‌സ് തീരുമാനിക്കും. ആഭ്യന്തര, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കുന്നുവെന്നും, റുവാൻഡയെ സുരക്ഷിത ഇടമായി പ്രഖ്യാപിക്കാനുമുള്ള ആവശ്യകതകളാണ് പിയേഴ്‌സ് മുന്നോട്ട് വെച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം എംപിമാർ തള്ളി.
അഭയാർത്ഥി അപേക്ഷകരെയും, അഭയാർത്ഥികളെയും സ്വീകരിക്കുന്ന സുദീർഘമായ ചരിത്രമാണ് റുവാൻഡയ്ക്ക് ഉള്ളതെന്ന് ഹോം ഓഫീസ് മന്ത്രി മൈക്കിൾ ടോംലിൻസൺ പറഞ്ഞു. 255-നെതിരെ 312 വോട്ടുകൾക്കാണ് എംപിമാർ ഭേദഗതികൾ തള്ളിയത്. അതേസമയം ബഹിരാകാശത്തേക്ക് ആറ് പേരെ എത്തിക്കുന്നതിലും ചെലവേറിയതാണ് ഗവൺമെന്റിന്റെ റുവാൻഡ സ്‌കീമെന്ന് ലേബർ എംപി നീൽ കോയൽ പരിഹസിച്ചു.
ആഫ്രിക്കൻ രാജ്യത്തേക്ക് ആദ്യത്തെ 300 അഭാർത്ഥി അപേക്ഷകരെ അയയ്ക്കാൻ നികുതിദായകർക്ക് 2 മില്ല്യൺ പൗണ്ട് വീതം ചെലവ് വരുമെന്നാണ് നാഷണൽ ഓഡിറ്റ് ഓഫീസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. എന്നിരുന്നാലും റുവാൻഡ ബിൽ സുനാക് ഭരണകൂടത്തെ സംബന്ധിച്ച് സുപ്രധാനമാണ്. കുടിയേറ്റക്കാരെ നാടുകടത്താൻ കഴിയുന്നില്ലെന്നത് ഭരണകൂടത്തിന്റെ പരാജയമായാണ് വിലയിരുത്തുന്നത്.
© Copyright 2023. All Rights Reserved