റോഡ് സുരക്ഷയെ പ്രതിസന്ധിയിലാക്കി ഇംഗ്ലണ്ടിലെയും വെയിൽസിലേയും സ്പീഡ് ക്യാമറകളിൽ പകുതിയോളം പ്രവർത്തന രഹിതമാണെന്ന വാർത്ത പുറത്ത്. ഡ്രൈവിംഗ് സേഫ്റ്റി ചാരിറ്റിയായ റോഡ് ഏയ്ഞ്ചൽ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. വിവരാവകാശ നിയമത്തിലൂടെയാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. അന്വേഷണങ്ങളോട് പ്രതികരിച്ച 13 പോലീസ് സേനകളിൽ ആറു സേനകൾക്ക് കീഴിലുള്ള ക്യാമറകളിൽ പകുതിയിലധികം പ്രവർത്തന രഹിതമാണ്. രാജ്യവ്യാപകമായി 46 ശതമാനം ക്യാമറകളാണ് പ്രവർത്തിക്കാതിരിക്കുന്നത്. അതായത്, ഇംഗ്ലണ്ടിലും വെയ്ൽസിലുമായി സ്ഥാപിച്ചിരിക്കുന്ന 1069 ക്യാമറകളിൽ 496 എണ്ണം പൂർണ്ണമായും ഉപയോഗശൂന്യമാണ്.
ഡെർബിഷയർ, എസ്സെക്സ്, ഡെവൺ, കോൺവാൾ എന്നിവിടങ്ങളിൽ ചുരുങ്ങിയത് 40 ശതമാനം ക്യാമറകൾ എങ്കിലും നിശ്ചലമാണ്. ഇംഗ്ലണ്ടിൽ ഏറ്റവുമധികം സ്പീഡ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന പ്രദേശങ്ങളാണ് ഇവ. കൗണ്ടിയിൽ സ്ഥാപിച്ചിരിക്കുന്ന 113 ക്യാമറകളിൽ 20 എണ്ണം മാത്രമാണ് യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത്. ലെസ്റ്റർഷയറിൽ 18 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിൽ പ്രവർത്തനക്ഷമമായത് വെറും നാലു ക്യാമറകൾ മാത്രം. കേംബ്രിഡ്ജ്ഷയറിൽ സ്ഥാപിച്ച 46 ക്യാമറകളിൽ 29 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമം.
അമിതവേഗതയുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ വീഴ്ച ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ വർഷം 303 പേരാണ് അമിതവേഗത മൂലമുള്ള അപകടങ്ങളിൽ മരണമടഞ്ഞത്. തൊട്ടു മുൻപത്തെ വർഷത്തേക്കാൽ അഞ്ചു ശതമാനത്തിന്റെ വർദ്ധനവ ണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെയും അധികൃതരുടെയും അനാസ്ഥ മൂലം അപകടകരമാം വേഗതയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന് റോഡ് എയ്ഞ്ചൽ സ്ഥാപകൻ ഗാരി ഡിഗ്വ പറഞ്ഞു.
© Copyright 2025. All Rights Reserved