ലണ്ടനിലെ ലുട്ടൻ എയർപോർട്ടിൽ വൻ അഗ്നിബാധയുണ്ടായതിനെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് റിപ്പോർട്ട്. എയർപോർട്ടിലെ ടെർമിനൽ കാർ പാർക്കിലുണ്ടായ അഗ്നിബാധ കാരണം ആരും അവിടേക്ക് പോകരുതെന്ന കടുത്ത നിർദേശവും അധികൃതർ പുറപ്പെടുവിച്ചിരുന്നു. ടെർമിനൽ കാർ പാർക്ക് 2 തീപിടിത്തത്തെ തുടർന്ന് കടുത്ത നാശത്തിന് വിധേയമായെന്ന് ബെഡ്‌ഫോർഡ് ഷെയർ ഫയർ സർവീസസ് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് 15 ഫയർ എൻജിനുകളാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നത്. ഒന്നിലധികം നിലകളുളള കാർ പാർക്കിനെയും ഇതിൽ നിർത്തിയിട്ടിരുന്ന നിരവധി കാറുകളെയും തീപിടിത്തം ബാധിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് സമയം ഉച്ചക്ക് 12 മണി വരെ ലുട്ടനിലേക്കുള്ളതും ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണീ നീക്കമെന്നാണ് എയർപോർട്ട് അധികൃതർ വിശദീകരിക്കുന്നത്. തീപിടിത്തത്തെ തുടർന്നുണ്ടായ കടുത്ത പുക ശ്വസിച്ച് നാല് ഫയർ ഫൈറ്റർമാരെയും ഒരു എയർപോർട്ട് ജീവനക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട് . വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് രാവിലെ നൂറ് കണക്കിന് യാത്രക്കാരാണ് ലുട്ടൻ എയർപോർട്ടിൽ കുടുങ്ങിയത്. ലക്ഷ്യങ്ങളിലേക്കെത്താൻ മറ്റ് വഴികളൊന്നും കാണാതെ ഇവിടെ ബുദ്ധിമുട്ടുന്നവരേറെയാണ്. തീപിടിത്തമുണ്ടായ കാർ പാർക്കിൽ തങ്ങളുടെ കാറുകളുണ്ടായിരുന്നുവെന്ന ആശങ്ക പങ്ക് വച്ചവരേറെയാണ്. വിമാനത്താവളത്തിന് സമീപത്തെ എല്ലാ ഹോട്ടലുകളിലും വിമാനയാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിട്ടുണ്ട്. എയർലൈനുകൾ തങ്ങളെ മോശം താമസസ്ഥലങ്ങളിൽ കൊണ്ട് പോയി തള്ളിയെന്ന പരാതിയുമായി നിരവധി യാത്രക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. സംഭവസ്ഥലത്ത് കനത്ത പോലീസ് സാന്നിധ്യമാണുള്ളത്. തീപിടിത്തമുണ്ടായിടത്തേക്ക് ആളുകൾ പോകാതിരിക്കാൻ പോലീസ് കടുത്ത ശ്രമമാണ് നടത്തി വരുന്നത്.
ഇതിനിടെ ലുട്ടൻ എയർപോർട്ട് ട്രെയിൻ സ്‌റ്റേഷനിൽ തിക്കും തിരക്കും കൂട്ടിയെത്തിയ യാത്രക്കാരേറെയാണ്. എങ്ങനെയെങ്കിലും മറ്റ് വിമാനത്താവളങ്ങളിലേക്കെത്തി വിമാനം പിടിക്കാൻ ശ്രമിക്കുന്നവരാണിവരിൽ അധികവുമുണ്ടായിരുന്നത്. തീപിടിത്തത്തെ തുടർന്ന് തീ ഉയർന്ന് പൊങ്ങുന്നതും പുക ഉയരുന്നതുമായ ഭയാനകമായ വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ട്.
ഹീത്രു, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റർ, സ്റ്റാൻസ്‌റ്റെഡ് എന്നീ വിമാനത്താവളങ്ങൾ കഴിഞ്ഞാൽ ലുട്ടൻ ആണ് യുകെയിലെ ഏറ്റവും വലിയ അഞ്ചാമത്തെ എയർപോർട്ട്. ഈ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം മൊത്തത്തിൽ കടന്ന് പോയത് 13 മില്യണിലധികം യാത്രക്കാരായിരുന്നു.
© Copyright 2023. All Rights Reserved