ഹാരിയും മേഗനും കഴിഞ്ഞ മാസം പോർച്ചുഗലിൽ തീരപ്രദേശത്തായി വീട് വാങ്ങി എന്ന വാർത്ത വന്നപ്പൊൾ തന്നെ പല മാധ്യമങ്ങളും അതിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായി പറഞ്ഞിരുന്നു. വിൻഡ്‌സറിലെ ഫ്രോഗ്മോർ കോട്ടേജിൽ നിന്നും കഴിഞ്ഞ വർഷം ആദ്യം ചാൾസ് രാജാവ് ഇവരെ ഒഴിപ്പിച്ചതിന് ശേഷം ഇവർ യൂറോപ്പിൽ വീട് വാങ്ങാൻ കാരണമെന്താണെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇപ്പോൾ, ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇതിന്റെ ഉത്തരം ഏതാണ്ട് വ്യക്തമായി വരുന്നു. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയാൽ, ഒരു രക്ഷപ്പെടൽ വേണ്ടി വന്നേക്കും എന്ന തോന്നലിൽ എടുത്ത മുൻകരുതൽ ആയിരുന്നു ഇതെന്നാണ് ഇപ്പോൾ വെളിവാകുന്നത്.
-------------------aud--------------------------------
അതിനിടയിൽ, രാജകൊട്ടാരത്തിലെ ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയുന്നത്, ഹാരിയും മേഗനും അടുത്തകാലത്തായി കൊട്ടാരവുമായി ഒരു ഒത്തുതീർപ്പിന് അതിയായി ശ്രമിക്കുന്നുണ്ട് എന്നാണ്. ട്രംപ് കുടുംബത്തിൽ നിന്നും അടുത്തകാലത്തായി ചില വിപരീത പ്രതികരണങ്ങൾ ഉണ്ടായതോടെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. വരുന്ന ഒരു വർഷത്തിനുള്ളിൽ ഹാരി ബ്രിട്ടനിൽ തിരിച്ചെത്തുന്നത് കാണാമെന്നാണ് ഇപ്പോൾ ചില കൊട്ടാരം വൃത്തങ്ങൾ നൽകുന്ന സൂചന.
ആഗസ്റ്റിൽ, സ്‌കോട്ട്‌ലാൻഡിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ലിങ്ക്‌സിലെ സന്ദർശന വേളയിൽ ട്രംപിന്റെ മകൻ എറിക് ഹാരിയേയും മേഗനേയും പരാമർശിച്ചത് ശല്യക്കാർ എന്നായിരുന്നു. മാത്രമല്ല, റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലേറിയാൽ ഹാരിയെ നാടുകടത്താൻ സാധ്യതയുണ്ടെന്ന ട്രംപിന്റെ വാക്കുകൾ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് അവരെ ആവശ്യമില്ല, നിങ്ങൾക്ക് സന്തോഷത്തോടെ അവരെ തിരികെയെടുക്കാം എന്നായിരുന്നു അന്ന് എറിക് പറഞ്ഞത്. 2020 മുതൽ കാലിഫോർണിയയിൽ താമസിക്കുന്ന ഹാരിക്ക് പ്രത്യേക പരിഗണനകൾ ലഭിക്കില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ ഹാരിയെ നാടുകടത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനകളും നൽകിയിരുന്നു. തന്റെ ഓർമ്മക്കുറിപ്പുകളിലാണ് ഹാരി കൊക്കെയ്ൻ, കഞ്ചാവ്, സൈക്കെഡിലിക് കൂണുകൾ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായി പരാമർശിച്ചിട്ടുള്ളത്. ഇത് അമേരിക്കൻ നിയമപ്രകാരം വിസ അപേക്ഷ നിരാകരിക്കുന്നതിനുള്ള കാരണങ്ങളാണ്. കഴിഞ്ഞ മാസം അമേരിക്കയിലെ ഒരു യാഥാസ്ഥിതിക സംഘം, ഹാരിയുടെ ഇമിഗ്രേഷൻ രേഖകൾ പുറത്തുവിടുവാൻ ഹോംലാൻഡ് സെക്യൂരിറ്റിക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ വാഷിംഗ്ടൺ ഡി സി ആസ്ഥാനമായുള്ള ഹെറിറ്റേജ് ഫൗണ്ടേഷൻ സമാനമായ ആവശ്യമുന്നയിച്ച് നൽകിയ കേസ്, രേഖകൾ പുറത്തുവിടാൻ തക്ക പൊതു താത്പര്യം ഈ വിഷയത്തിൽ ഇല്ല എന്ന് പറഞ്ഞ് കോടതി തള്ളിക്കളഞ്ഞിരുന്നു. രണ്ട് വർഷത്തോളം വാദപ്രതിവാസങ്ങൾ കേട്ടതിന് ശേഷമായിരുന്നു കേസ് തള്ളിയത്. മേഗൻ നടിയായ കാലം മുതൽ തന്നെ ട്രംപിനെതിരെ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. ആളുകളെ തമ്മിലടിപ്പിക്കുന്നവനും സ്ത്രീ വിദ്വേഷിയുമാണ് ട്രംപ് എന്ന് മേഗൻ പറഞ്ഞിരുന്നു.
ടൊറൊണ്ടൊയിൽ സ്യൂട്ട്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ, ട്രംപ് പ്രസിഡണ്ട് ആയ അമേരിക്കയിലേക്ക് തിരിച്ചു പോകുന്നതിനേക്കാൾ താൻ ആഗ്രഹിക്കുന്നത് കാനഡയിൽ താമസിക്കുവാനാണെന്നും അവർ പറഞ്ഞിരുന്നു. ഹാരിയുടെയും മേഗന്റെയും സൃഷ്ടികൾക്ക് പ്രാധാന്യം നൽകുന്ന പീപ്പിൾ മാസികയിൽ അടുത്തകാലത്ത് വന്ന ചില ലേഖനങ്ങളാണ് ഹാരി എങ്ങനെയും കുടുംബത്തിൽ തിരിച്ചു കയറാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനകൾ നൽകുന്നത്. പിതാവ് തന്റെ ഫോൺ കോളുകൾ സ്വീകരിക്കാത്തതിലുള്ള നിരാശയായിരുന്നു ഒരു ലേഖനത്തിന്റെ വിഷയമെങ്കിൽ, മറ്റൊന്ന് വില്യവുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ കഴിയാത്തവയല്ല എന്ന അർത്ഥത്തിലുള്ളതായിരുന്നു.
ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ഹാരി നൽകിയ ഒരു അഭിമുഖത്തിൽ രാജാവിന് കാൻസർ ബാധ കണ്ടെത്തിയത് ഒരുപക്ഷെ കുടുംബാംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കാൻ സഹായകരമാകും എന്ന് പറഞ്ഞിരുന്നു. അതുപോലെ, രാജാവിനെ സന്ദർശിച്ച് മടങ്ങുംവഴി കുടുംബാംഗങ്ങൾ തമ്മിൽ ഒത്തു ചേരുമ്പോഴുള്ള ശക്തി ഏത് രോഗത്തെയും ഭേദമാക്കുമെന്നും ഹാരി പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved