ഭാഷാ വൈവിധ്യത്തിന് പേര് കേട്ട രാജ്യമാണ് ബ്രിട്ടൻ. ഇപ്പോൾ ആ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. ലോകത്തിൽ ഏറ്റവുമധികം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന നഗരമായി മാറിയിരിക്കുകയാണ് ബ്രിട്ടനിലെ മാഞ്ചസ്റ്റർ നഗരം. ഇതുമായി ബന്ധപ്പെട്ട ഒരു പഠനം പറയുന്നത്, ഏതൊരു സമയത്തും ഈ നഗരത്തിൽ 200 ഭാഷകൾ വരെ സംസാരിക്കപ്പെടുന്നു എന്നാണ്. മൾട്ടിലിംഗ്വൽ മാഞ്ചസ്റ്റർ എന്ന പദ്ധതിക്ക് കീഴിലായിരുന്നു ഈ പഠനം നടന്നത്. -------------------aud--------------------------------5,53,000ൽ അധികം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ജനസാന്ദ്രതയിൽ മാത്രമല്ല, ഭാഷാസാന്ദ്രതയിലും ഏറെ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. സമാനമായ രീതിയിലുള്ള പഠനങ്ങളിൽ വെച്ച് ഏറ്റവും സമഗ്രവും വ്യാപകവുമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്, നഗരവാസികളായ മുതിർന്നവരിൽ പകുതിയോളം പേർക്ക് ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ കഴിയുന്നുണ്ട് എന്നാണ്. മാത്രമല്ല, യുവാക്കളിൽ 10 ൽ ഒരാൾക്ക് വീതം ഒന്നിലധികം ഭാഷകളിൽ ആശയവിനിമയം നടത്തുന്നതിനുള്ള കഴിവുണ്ട്.കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി തുടർന്ന് വരുന്ന ആഗോളവത്കരണത്തിന്റെയും സാമ്പത്തിക കുടിയേറ്റത്തിന്റെയും പ്രഭാവമാണ് ഇതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. നഗരത്തിൽ നിലനിൽക്കുന്ന ഭാഷാ വൈവിധ്യം, സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സുപ്രധാനങ്ങളായ നേട്ടങ്ങൾ നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതായി പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ യാരോൺ മാട്രസ് പറയുന്നു. ഇംഗ്ലീഷ് കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ ഉറുദുവാണ്. 50 കളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുണ്ടായ കുടിയേറ്റത്തിന്റെ അനന്തരഫലമാണിത്. അറബിക്, കാന്റോണിസ്, പോളിഷ്, ബംഗാളി, സൊമാലി എന്നിവയാണ് നഗരത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന മറ്റു ഭാഷകൾ. ഭാഷകൾ പലതുണ്ടെങ്കിലും, പൊതു ആശയവിനിമയത്തിന് ഇംഗ്ലീഷ് തന്നെ ആവശ്യമാണെന്ന് മനസ്സിലാക്കിയവരാണ് മാഞ്ചസ്റ്റർ നിവാസികൾ, ഇംഗ്ലീഷ് അറിയാത്തവരായി ഈ നഗരത്തിലുള്ളത് വെറും മൂന്നു ശതമാനം ആളുകൾ മാത്രമാണ്. ഏതാണ്ട് 80 ശതമാനം ആളുകളും ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കാമെന്ന് ആത്മവിശ്വാസമുള്ളവരാണ്. ഇംഗ്ലീഷ് അറിയാത്തവരിൽ ഭൂരിഭാഗവും പ്രായമായവരാണ് എന്നതും ശ്രദ്ധേയമാണ്.
© Copyright 2024. All Rights Reserved