വേറിട്ട ഒട്ടേറെ തമിഴ് ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച നടനാണ് അർജുൻ ദാസ്. അർജുൻ ദാസ് മലയാള സിനിമയിൽ ആദ്യമായി നായകനാകുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. സംവിധായകൻ അഹമ്മദ് കബീറിന്റെ പുതിയ ചിത്രത്തിലാണ് അർജുൻ ദാസ് മലയാളത്തിൽ നായകനാകുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമായിരിക്കും അർജുൻ ദാസ് നായകനാകുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ജൂൺ, മധുരം, എന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതാണ് അഹമ്മദ് കബീർ എന്ന സംവിധായകൻ. കേരള ക്രൈം ഫയൽസെന്ന സീരീസ് സംവിധാനം ചെയ്‍തും യുവ പ്രേക്ഷകരുടെ ഇഷ്‍ട സംവിധായകനാകാൻ അഹമ്മദ് കബീറിന്. അർജുൻ ദാസിനെ നായകനായുള്ള ചിത്രത്തിന്റെ സംവിധായകനായി എത്തുമ്പോഴും മലയാളി പ്രേക്ഷകർക്ക് അഹമ്മദ് കബീറിൽ വലിയ പ്രതീക്ഷകളാണ്. ഹേഷം അബ്‍ദുൽ വഹാബിന്റെ സംഗീതത്തിലുള്ള ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള ഒട്ടേറെ മുൻനിര താരങ്ങളുണ്ടാകും എന്നാണ് റിപ്പോർട്ട്. അർജുൻ ദാസ് പെരുമാൺ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് നായകനായി അരങ്ങേറിയത്. ഓക്സിജനിലൂടെ അർജുൻ ദാസ് തെലുങ്ക് സിനിമയിലും അരങ്ങേറി. നിലവിൽ ഒജി എന്ന തെലുങ്ക് ചിത്രത്തിൽ പവൻ കല്യാണിനൊപ്പവും ഒരു പ്രധാന വഷം അവതരിപ്പിക്കുന്നു. അർജുൻ ദാസ് നായകനായി വേഷമിട്ടതിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയത് അനീതി ആണ്.
ലോകേഷ് കനകരാജ് കാർത്തിയെ നായകനാക്കി സംവിധാനം ചെയ്‍ത കൈതിയാണ് അർജുൻ ദാസിനെ നടൻ എന്ന നിലയിൽ മലയാളികൾക്കിടയിൽ പ്രശസ്‍തനാക്കിയത്. അൻപ് എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തിൽ അർജുൻ ദാസ് വേഷമിട്ടത്. ലോകേഷ് കനകരാജിന്ററെ വിക്രം എന്ന സിനിമയിലും അൻപായി അതിഥി വേഷത്തിൽ അർജുൻ ദാസ് എത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലും അർജുൻ ദാസ് മികച്ച ഒരു വേഷത്തിൽ എത്തിയിരുന്നു.
© Copyright 2023. All Rights Reserved