തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവം വ്യക്തി വൈരാഗ്യം. പരിക്കേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തുമായുള്ള അടുപ്പം വ്യക്തിവൈരാഗ്യത്തിലേക്ക് കടക്കുകയായിരുന്നു. സംഭവത്തിൽ വനിതാ ഡോക്ടറായ ദീപ്തിമോൾ ജോസ് ഇന്നലെയാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
-------------------aud--------------------------------
അറസ്റ്റിലായ ദീപ്തിയും ഷിനിയുടെ ഭർത്താവ് സുജിത്തും ഒന്നരവർഷം മുൻപ് കൊല്ലത്തെ മറ്റൊരു ആശുപത്രിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. അവിടെവച്ച് ഇവർ അടുപ്പത്തിലായിരുന്നു. ഈ അടുപ്പമാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. രണ്ട് പേരും വിവാഹിതരാണ്. ദീപ്തിയുടെ ഭർത്താവും ഡോക്ടറാണ്. മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച എയർഗൺ ഉപയോഗിച്ച് വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിക്ക് നേരെ ദീപ്തി വെടിയുതിർത്തത്. ആക്രമത്തിൽ ഷിനിക്ക് വലുതു കൈക്ക് പരിക്കേറ്റിരുന്നു.
ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിൽ മുഖമൂടി ധരിച്ചെത്തിയാണ് ദീപ്തി ആക്രമണം നടത്തിയത്. വീട്ടിലെ കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭർത്താവിൻ്റെ അച്ഛനാണ് ആദ്യം വാതിൽ തുറന്നത്. രജിസ്റ്റേർഡ് കൊറിയർ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നും പിന്നീട് ദീപ്തി ആവശ്യപ്പെട്ടു. ഇതോടെ ഒപ്പിടുന്നതിന് പേനയെടുക്കാൻ അച്ഛൻ വീട്ടിനുള്ളിലേക്ക് കയറി. ഈ സമയം ഷിനി പുറത്തേക്ക് വരികയായിരുന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിർത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. അതേസമയം ദീപ്‌തി ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച എയർപിസ്റ്റൾ ദീപ്തി ഓൺലൈനായി വാങ്ങിയതാണ്. പിസ്റ്റൾ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റർനെറ്റിൽ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയതായും കണ്ടെത്തി.
ഇന്നലെ ഉച്ചയോടെയാണ് ദീപ്തിയെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ക്രിട്ടിക്കൽ കെയർവിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ ദിവസംതന്നെ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലെടുത്തത്.
© Copyright 2024. All Rights Reserved