റഷ്യയും ഇക്വഡോറുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയും റഷ്യയുമായുള്ള ബന്ധം ദൃഢമാകുന്നു. റഷ്യ ഇന്ത്യയിൽ നിന്ന് വൻതോതിൽ വാഴപ്പഴവും പപ്പായയും വാങ്ങാൻ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിൽ നിന്നുള്ള പപ്പായയുടെയും വാഴപ്പഴത്തിൻ്റെയും ആദ്യ ചരക്ക് ജനുവരിയിലാണ് റഷ്യയിലെത്തിയത്. അതേസമയം, ഫെബ്രുവരി അവസാനത്തോടെ അടുത്ത ഘട്ടം ചരക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയ്ക്ക് ആവശ്യമുള്ള വാഴപ്പഴവും പപ്പായയും നൽകിക്കൊണ്ടിരുന്നത് ഇക്വഡോറായിരുന്നു. എന്നാൽ നിലവിലെ നയതന്ത്ര വിഷയങ്ങൾ കാരണം റഷ്യ ഇക്വഡോറിൽ നിന്ന് വാഴപ്പഴം വാങ്ങുന്നത് നിർത്തുകയായിരുന്നു. റഷ്യ നൽകിയ സൈനിക ഹാർഡ്‌വെയർ അമേരിക്കൻ ഹൈടെക് ആയുധങ്ങളുമായി ഇക്വഡോർ കൈമാറ്റം ചെയ്യാൻ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇക്വഡോറിൻ്റെ ഈ നീക്കത്തിൽ റഷ്യ പ്രകോപിതരാകുകയും ഇക്വഡോറിൽ നിന്ന് വാഴപ്പഴം ഇറക്കുമതി ചെയ്യുന്നത് നിർത്തുകയും ചെയ്തു.
റഷ്യൻ വിപണിയിലേക്കുള്ള ഇന്ത്യൻ വാഴപ്പഴത്തിൻ്റെ കയറ്റുമതി വരും ദിവസങ്ങളിൽ ഇനിയും വർധിക്കുമെന്ന് റഷ്യൻ കാർഷിക മോണിറ്ററിംഗ് ബോഡി റോസ്സെൽ ഖോസ്നാഡ്‌സോർ പറഞ്ഞു. റഷ്യയിൽ ഇന്ത്യൻ വാഴപ്പഴത്തിന് ഡിമാൻഡ് വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ.
© Copyright 2024. All Rights Reserved