വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെഎം ഷാജഹാൻ. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാൻ സമൂഹമാധ്യമങ്ങളിലൂടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സിപിഎമ്മിനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിരന്തരം വിമർശിക്കുന്നവരിൽ പ്രധാനിയാണ് കെഎം ഷാജഹാൻ.
വിഎസ് നിർത്തിയിടത്ത് നിന്നും ഞാൻ തുടങ്ങുകയാണ് എന്ന തലക്കെട്ടിൽ, വിഎസ് അച്യുതാനന്ദന്റെ ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം ചിത്രം സഹിതം എഫ്ബിയിൽ പോസ്‌റ്റ് ചെയ്‌ത് കൊണ്ടാണ് ഷാജഹാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ സിറ്റിങ് എംപി എഎം ആരിഫിനെയാണ് സിപിഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.
നേരത്തെ ലാവ്‌ലിൻ കേസിൽ ഉൾപ്പെടെ പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് കെഎം ഷാജഹാൻ. മുൻപ് സെക്രട്ടറിയേറ്റിന് മുൻപിൽ നടന്ന ഒരു സമരത്തിന്റെ പേരിൽ ഷാജഹാനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ലാവലിൻ കേസിൽ ഇടപെട്ടതിന് പിണറായി പ്രതികാരം ചെയ്യുകയാണെന്നും ഷാജഹാൻ ആരോപിച്ചിരുന്നു. അതേസമയം, ആലപ്പുഴ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ തന്നെ സിപിഎം എഎം ആരിഫിന്റെ പേരിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം 15 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. തോമസ് ഐസക്കിന്റെ പേരും മണ്ഡലത്തിൽ ഉയർന്നു വന്നെങ്കിലും അദ്ദേഹത്തെ പത്തനംതിട്ടയിലാണ് മത്സരിപ്പിക്കുന്നത്. മണ്ഡലത്തിൽ കോൺഗ്രസിനാവട്ടെ ഇതുവരെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനും കഴിഞ്ഞിട്ടില്ല. മുതിർന്ന നേതാവും, മുൻ എംപിയുമായ കെസി വേണുഗോപാൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുൻ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂർ എന്നിവരാണ് പരിഗണനയിൽ ഉള്ളത്. വേണുഗോപാലിനാണ് ഇതിൽ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
© Copyright 2024. All Rights Reserved