ഇതിഹാസ താരവും ഉറുഗ്വെ മുന്നേറ്റക്കാരനുമായ ലൂയീസ് സുവരാസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നു വിരമിച്ചു. 17 വർഷം നീണ്ട സമ്മോഹനമായ കരിയറിനാണ് 37കാരൻ വിരാമമിട്ടത്. രാജ്യത്തിനായി 142 മത്സരങ്ങൾ കളിച്ചു. 69 ഗോളും നേടി. ഉറുഗ്വെയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് സുവാരസ്.
-------------------aud------------------------------
2007ലാണ് താരം ഉറുഗ്വെ ദേശീയ ടീമിനായി അരങ്ങേറിയത്. 2010ലെ ലോകകപ്പിൽ ടീമിനെ സെമി വരെ എത്തിക്കുന്നതിൽ നിർണായകമായി നിൽക്കാനും സുവാരസിനു സാധിച്ചിരുന്നു. 2011ൽ കോപ്പ അമേരിക്ക പോരാട്ടത്തിൽ ഉറുഗ്വെയ്ക്ക് കിരീടം സമ്മാനിക്കുന്നതിലും സുവരാസ് നിർണായകമായി. വെള്ളിയാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടമായിരിക്കും ഉറുഗ്വെ ജേഴ്‌സിയിലെ താരത്തിന്റെ അവസാന പോരാട്ടം. പരാഗ്വെയാണ് എതിരാളികൾ. 'വെള്ളിയാഴ്ച രാജ്യത്തിനായി ഞാൻ കരിയറിലെ അവസാന പോരിനിറങ്ങുകയാണ്. പരിക്കേറ്റ് വിരമിക്കേണ്ടി വന്നില്ല എന്നതാണ് ആശ്വാസം. ദേശീയ ടീമിൽ നിന്നു എന്നെ ഒഴിവാക്കാനും ഇതുവരെ ആരും ശ്രമിച്ചിട്ടില്ല എന്നതും അഭിമാനം നൽകുന്നു. എന്റെ എല്ലാം ടീമിനായി ഇതുവരെ നൽകി. എന്റെ ഉള്ളിൽ ഇപ്പോഴും വിജയ ജ്വാല അണയാതെ നിൽക്കുന്നുണ്ട്.' 'ദേശീയ ടീമിനൊപ്പം ഒരു കിരീടമെങ്കിലും നേടുക എന്നതായിരുന്നു എന്റെ സ്വപ്നം. അതു സാധിച്ചു. എന്റെ കുഞ്ഞുങ്ങളെ ആ കിരീടം കാണിക്കാൻ എനിക്കു സാധിച്ചു. ഇനിയും ടീമിൽ തുടരാൻ സാധിക്കുമെന്നു ഞാൻ കരുതുന്നു. എന്നാൽ ഇപ്പോഴാണ് വിരമിക്കാൻ യോജിച്ച സമയം'- വാർത്താ സമ്മേളനത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇടയ്ക്ക് വികാരാധീനനായും താരം കാണപ്പെട്ടു. കണ്ണീർ അടക്കാൻ താരം പ്രയാസപ്പെട്ടു. ക്ലബ് തലത്തിൽ നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമി താരമാണ് സുവരാസ്.
© Copyright 2023. All Rights Reserved