സി.പി.എം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്. തൻറെ പാർട്ടി എല്ലാ മത വിശ്വാസത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
"ഞങ്ങളുടെ പാർട്ടി രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. ഞങ്ങൾ എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ അവർ മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ്. മത പരിപാടികളുടെ രാഷ്ട്രീയവത്കരണമാണ് ഇവിടെ നടക്കുന്നത്" -ബൃന്ദ കാരാട്ട് പറഞ്ഞു.
നേരത്തെ തന്നെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചിരുന്നു. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് യെച്ചൂരിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, മൻമോഹൻ സിങ്, ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തുടങ്ങി പ്രതിപക്ഷത്തെ വിവിധ നേതാക്കളെ രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികൾ നേരിട്ട് ക്ഷണിച്ചിരുന്നു. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങ്.
© Copyright 2025. All Rights Reserved