ബ്രിട്ടനിലേക്ക് വീണ്ടും കൊടുംതണുപ്പ് തിരിച്ചെത്തുന്നു. വീക്കെൻഡിൽ താപനില വീണ്ടും കുത്തനെ താഴുന്നതോടെ ഇംഗ്ലണ്ടിൽ പകൽ സമയങ്ങളിൽ പരമാവധി ഉയർന്ന താപനില 5 സെൽഷ്യസായിരിക്കും. രാത്രി കാലങ്ങളിൽ താപനില പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ് സൂചന.
-------------------aud--------------------------------
ഇന്ന് യുകെയിൽ ഏറ്റവും മെച്ചപ്പെട്ട താപനില രേഖപ്പെടുത്തുന്നത് നോർത്തേൺ സ്‌കോട്ട്‌ലണ്ടിൽ ആയിരിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചൊവ്വാഴ്ച 16 സെൽഷ്യസ് വരെ ശരാശരി താപനില ഉയർന്ന ശേഷമാണ് ഈ തിരിച്ചുപോക്ക്. വീക്കെൻഡിൽ ഇംഗ്ലണ്ടിലും, വെയിൽസിലും തണുപ്പേറുകയാണ് ചെയ്യുക. ശനി, ഞായർ ദിവസങ്ങളിൽ 3 സെൽഷ്യസിനും, 6 സെൽഷ്യസിനും ഇടയിലാണ് ശരാശരി താപനില നിലകൊള്ളുക.
2010ന് ശേഷം ആദ്യമായി യുകെ ജനുവരിയിലെ ഏറ്റവും തണുപ്പേറിയ രാത്രിയെ നേരിട്ടത് കഴിഞ്ഞ വീക്കെൻഡിലാണ്, സ്‌കോട്ട്‌ലണ്ടിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ താപനില -19 സെൽഷ്യസിലേക്കാണ് താഴ്ന്നത്. ഈ ശനിയാഴ്ച ഇംഗ്ലണ്ടിലും, വെയിൽസിലും ഉയർന്ന താപനില 3 സെൽഷ്യസ് മുതൽ 5 സെൽഷ്യസ് വരെ മാത്രമാകുമെന്നാണ് കരുതുന്നത്. സൗത്ത് വെസ്റ്റിൽ ഇത് 8 സെൽഷ്യസും, സ്‌കോട്ട്‌ലണ്ടിൽ 9 സെൽഷ്യസുമാകും ഉയർന്ന താപനില.
ശനിയാഴ്ച രാത്രിയോടെ നോർത്ത് ഇംഗ്ലണ്ടിൽ താപനില -2 സെൽഷ്യസിലേക്ക് വീഴും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് 0 സെൽഷ്യസ് മുതൽ 3 സെൽഷ്യസ് വരെയായിരിക്കും. ഞായറാഴ്ച പകൽ സമയങ്ങളിൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം ഇടങ്ങളിൽ 3 സെൽഷ്യസ് മുതൽ 6 സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോൾ സൗത്ത് വെസ്റ്റ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിൽ 9 സെൽഷ്യസും, നോർത്തേൺ അയർലണ്ടിൽ 10 സെൽഷ്യസും അനുഭവപ്പെടും.
© Copyright 2024. All Rights Reserved