എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽനിന്ന് മുംബൈയിലെത്തിയ എൺപതുകാരൻ വീൽചെയർ കിട്ടാതിരുന്നതിനെ തുടർന്ന് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ കുഴഞ്ഞുവീണു മരിച്ചു. വീൽചെയർ എൺപതുകാരനും ഭാര്യയും മുൻകൂട്ടി ബുക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാൽ വിമാനത്തിനരികിൽനിന്നു ഒരാൾക്കു മാത്രമാണ് വീൽചെയർ ലഭിച്ചത്.
ഭാര്യയെ വീൽചെയറിൽ ഇരുത്തിയ ശേഷം എൺപതുകാരൻ ടെർമിനലിലേക്കു നടക്കാൻ തീരുമാനിച്ചു. ഇമിഗ്രേഷൻ കൗണ്ടറിലേയക്ക് ഏതാണ്ട് 1.5 കിലോമീറ്ററോളം അദ്ദേഹത്തിനു നടക്കേണ്ടിവന്നു. തുടർന്ന് പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു. വൈദ്യസഹായം നൽകിയ ശേഷം നാനാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ചയാണ് സംഭവം. ഉച്ചയ്ക്കു 2.10-നാണ് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്. വീൽചെയർ സംവിധാനം മുൻകൂട്ടി ബുക്ക് ചെയ്‌ത ശേഷമാണ് വൃദ്ധദമ്പതിമാർ ഞായറാഴ്‌ച ന്യൂയോർക്കിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ മുംബൈയിലേക്ക് യാത്ര തിരിച്ചത്. വിമാനത്തിൽ അത്തരത്തിൽ വീൽചെയർ ബുക്ക് ചെയ്തിരുന്ന 32 യാത്രികരുണ്ടായിരുന്നു. എന്നാൽ 15 വീൽചെയറുകൾ മാത്രമാണ് ലഭ്യമാക്കിയിരുന്നതെന്നാണു റിപ്പോർട്ട്. അതേസമയം, വീൽചെയർ ദൗർലഭ്യം മൂലം കുറച്ചുസമയം കാത്തിരിക്കാൻ എൺപതുകാരനായ യാത്രികനോടു പറഞ്ഞുവെന്നും എന്നാൽ അതിനു കാത്തുനിൽക്കാതെ അദ്ദേഹം ഭാര്യയ്ക്കൊപ്പം നടക്കുകയായിരുന്നുവെന്നും എയർ ഇന്ത്യ വക്‌താവ് വിശദീകരിച്ചു. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തതുവെന്നും എയർ ഇന്ത്യ വ്യക്‌തമാക്കി.
© Copyright 2023. All Rights Reserved